road
തകർന്നുകിടക്കുന്ന വൈങ്ങേലി -ബാലവാടി റോഡ്

ചവറ : തോട്ടിനുവടക്ക് വൈങ്ങേലി -ബാലവാടി റോഡ് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ദേശീപാതയിൽ തട്ടാശേരിക്ക് കിഴക്ക് ഭാഗത്തുകൂടി കടന്നുപോകുന്ന റോഡാണ് നവീകരണമില്ലാതെ തകർച്ചയിലായിരിക്കുന്നത്.

പ്രദേശത്തെ മറ്റ് റോഡുകളെല്ലാം നവീകരിക്കാൻ നടപടി തുടങ്ങിയിട്ടും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡിനെ മാത്രം അധികൃതർ മറന്ന മട്ടാണ്. തകർന്നുതരിപ്പണമായി കിടക്കുന്ന റോ‍ഡിലൂടെ സാഹസമായി വണ്ടി ഓടിച്ചെങ്കിലേ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയൂ. കാൽ നട പോലും അസാദ്ധ്യമാകുന്ന

തരത്തിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.

റോഡിൽ മിറ്റലിളകിചിതറിക്കിടക്കുന്നതിനാൽ ആശുപത്രി ആവശ്യത്തിന് പോലും ഇവിടേയ്ക്ക് ഒരു വാഹനം പോലും കിട്ടാത്ത അവസ്ഥയാണ്. എൻ. വിജൻപിള്ള എം.എൽ. എ ആയിരുന്നപ്പോൾ ഈ റോഡിന്റെ നവീകരണത്തിന് ടെണ്ടർ നടപടികൾ സ്വീകരിച്ചെങ്കിലും പലകാരണങ്ങൾ കൊണ്ടും അത് നടക്കാതെ പോയി.

പ്രദേശവാസികളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യം റോഡ് നവീകരിക്കണമെന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് അവർതന്നെ പറയുന്നു. ശങ്കരമംഗലം, ചവറ,തട്ടാശേരി എന്നിവിടങ്ങളിലെത്തിച്ചേരാനുള്ള എളുപ്പവഴിയായ ഈ റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ കിലോമീറ്ററുകളോളം അധികം സഞ്ചരിച്ച് ദേശീയപാതയിലെത്തിച്ചേരേണ്ട അവസ്ഥയാണുള്ളത്.

പൊട്ടിപ്പൊളികിടക്കുന്ന റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് സാധാരണമാണ്. ഇത് ദുരിതത്തിന് ആക്കം കൂട്ടുകയും ചെയ്യും.

രണ്ടു വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡായതിനാൽ ആര് നവീകരിക്കുമെന്ന തകർക്കമാണ് ശോച്യാവസ്ഥ ഇത്തരത്തിൽ തുടരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ പലറോഡുകളും നവീകരിച്ചിട്ടും വൈങ്ങേലി -ബാലവാടി റോഡ് മാത്രം ശാപമോക്ഷമില്ലാതെ അവശേഷിക്കാൻ കാരണവും ഇതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

രാത്രിയിൽ ഇതുവഴിയുള്ള അപകട യാത്ര ഒഴിവാക്കാൻ സ്ത്രീ ഉൾപ്പടെയുള്ളവർ

ഓട്ടോറിക്ഷയിൽ മറ്റു റോഡ് മാ‌ർഗ്ഗം വീട്ടിലെത്തേണ്ട അവസ്ഥയുമുണ്ട്.

മറ്റു റോഡുകളുടെ നവീകരണത്തിനൊപ്പം ഈ റോഡിനെയും കൂടി ഉൾപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.