t

കൊല്ലം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായെങ്കിലും രോഗ ബാധിതരിൽ ലക്ഷണങ്ങൾ കൂടുതൽ തീവ്രമാകുന്നില്ലെന്ന് ആരോഗ്യ വിഗദ്ധർ. അതുകൊണ്ടുതന്നെ രോഗം സ്ഥിരീകരിക്കുന്നവരിൽ അധികവും വീടുകളിൽ തന്നെ കഴിയുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നുതുടങ്ങിയത്. എന്നാൽ അവസ്ഥ മോശമായി ആശുപ്രതികളിൽ കഴിയേണ്ടിവരുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് വന്നിട്ടില്ല. ജില്ലയിലെ പ്രധാനപ്പെട്ട കൊവിഡ് ചികിത്സ കേന്ദ്രങ്ങളായ പാരിപ്പള്ളി മെഡി. ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, വാളകം മേഴ്സ് ആശുപത്രിയിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയില്ല.

വലിയൊരു വിഭാഗം ജനങ്ങളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനൊപ്പം നേരത്തെ രോഗം ബാധിച്ചവർക്ക് തന്നെ വീണ്ടും വരുന്നതിനാലാണ് രോഗലക്ഷണങ്ങൾ തീവ്രമാകാത്തതെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. നിലവിൽ രോഗം ബാധിക്കുന്നവരിൽ അധികം പേർക്കും ശരീരവേദന, വയറിളക്കം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതടക്കമുള്ള പ്രശ്നങ്ങൾ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളിൽ കാര്യമായി ഉണ്ടാകുന്നില്ല.

# കൊവിഡ് ചികിത്സയിലുള്ളവർ

പാരിപ്പള്ളി മെഡി. ആശുപത്രി

 ആകെ: 20

 ഐ.സി.യു: 7

 വെന്റിലേറ്റർ: 3

 ജില്ലാ ആശുപത്രി: 10

 വെന്റിലേറ്റർ: 3

....................................

# ജില്ലയിൽ കൊവിഡ് ഇതുവരെ

 ആകെ: 4,18,596

 രോഗമുക്തർ: 4,11,107

 മരണം: 4851

# സംസ്ഥാനത്തെ കൊവിഡ് കണക്ക്

 ആകെ: 53,60,708

 രോഗമുക്തർ: 52,18,681

 മരണം: 50,674