photo
കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള -പത്തുപറ ഏല- ഭൂതത്താൻ മുകൾ റോഡിന്റെ ആദ്യഘട്ട നിർമ്മാണ പൂർത്തിയായതിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ നിർവഹിക്കുന്നു

കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് പണ്ടാരവിള -പത്തുപറ ഏല- ഭൂതത്താൻ മുകൾ റോഡിന്റെ ദുരിതാവസ്ഥമാറി, ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കൊട്ടാരക്കര- പുത്തൂർ റോഡിൽ മൂഴിക്കോടിനും വെണ്ടാറിനും ഇടയിൽ നിന്ന് തുടങ്ങുന്നതാണ് പണ്ടാരവിള റോഡ്. പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് യാത്രാദുരിതം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ബൈക്കുപോലും വീടുകളിൽ കൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുകയായിരുന്നു പത്ത് കുടുംബങ്ങൾ. മറ്റ് വഴിയാത്രക്കാർക്കും ഭൂതത്താൻ മുകൾ ക്ഷേത്രത്തിൽ പോകുന്ന ഭക്തർക്കും ഉപകരിക്കേണ്ട വഴിയാണിത്. വശങ്ങൾ കെട്ടി സംരക്ഷിക്കാത്തത് കാരണം ഇടിഞ്ഞുതള്ളുകയും താഴ്ചയിലുള്ള വീടുകളിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുമായി മാറിയിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ യാത്രാദുരിതം നീങ്ങുന്നത്.

ആദ്യ ഘട്ടം 5 ലക്ഷം

വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി മുൻകൈയെടുത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പണ്ടാരവിള- പത്തുപറ ഏല- ഭൂതത്താൻ മുകൾ റോഡിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കിയത്. നാട്ടുകാർ സഹകരിച്ചതോടെ റോഡിന് വീതി കൂടി. ഇപ്പോൾ വശങ്ങൾ കെട്ടി സംരക്ഷണമൊരുക്കി. വീടുകളിലേക്ക് ഇറങ്ങാൻ കഴിയുന്ന റാമ്പുകളും കെട്ടി. മുന്നൂറ് മീറ്റർ ദൂരമാണ് തീർത്തും നവീകരിച്ചത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ തുക അനുവദിക്കുമെന്ന് എ.അജി അറിയിച്ചു.

റോഡിന്റെ പൂർത്തിയാക്കിയ പ്രവൃത്തിയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ നിർവഹിച്ചു. വൈസ് പ്രസി‌ഡന്റ് ബെച്ചി ബി.മലയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്ത് മോഹനൻ, ഒ.ബിന്ദു, ഗ്രാമപഞ്ചായത്തംഗം ജയകുമാർ, എം.ചന്ദ്രൻ, ബാബു, പ്രകാശൻ, അരുൺ സുദർശനൻ എന്നിവർ സംസാരിച്ചു.