പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വാഹനങ്ങളുടെ അമിത വേഗം അപകടക്കെണിയാകുന്നു. എസ്.എൻ.ഡി.പി യോഗം 854ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഇടമൺ ശ്രീഷൺമുഖക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മ വാഹനമിടിച്ച് മരിച്ചത് ഇന്നലെ പുലർച്ചെയായിരുന്നു. രാവിലെ 5.30ന് ദേശീയ പാതയോരത്ത് കൂടി നടന്ന് ക്ഷേത്ര ദർശനത്തിനെത്തിയ സമീപവാസിയായ
ജഗദമ്മയാണ് (68) ബൈക്കിടിച്ച് മരിച്ചത്. ഇത് ഭക്തരെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സന്ധ്യക്ക് ക്ഷേത്രത്തിലെ ചന്ദ്ര പൊങ്കയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വീട്ടമ്മയെ അമിതവേഗതയിലെത്തിയ സ്കൂട്ടർ യാത്രക്കാരൻ ഇടമൺ 34ൽ വച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
റീ ടാറിംഗ് നടത്തി റോഡ് ഭംഗിയാക്കിയതോടെ അമിത വേഗതയിലാണ് ഇരുഭാഗത്തേയ്ക്കും വാഹനങ്ങൾ പായുന്നത്. ജനതിരക്കേറി ദേശീയ പാതയിലെ ഇടമൺ പവർ ഹൗസ് ജംഗ്ഷൻ വരെയുളള ഭാഗത്ത് നിരവധി വാഹനങ്ങൾ അപകടത്തിപ്പെട്ടിട്ടും അമിത വേഗത നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.
അപകടസൂചനയില്ല
ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കൊടും വളവും കുത്തിറക്കമുള്ള ഭാഗത്തും അപകടങ്ങൾ പതിവാണ്. പുനലൂർ ഭാഗത്ത് നിന്ന് തെന്മല ഭാഗത്തേക്ക് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ കൊടും വളവിലെത്തുമ്പോൾ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്ര മുറ്റത്ത് വന്നുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അപകടസൂചന ബോർഡ് സ്ഥാപിക്കാത്തതാണ് ഇവിടത്തെ പ്രശ്നം.
തെന്മല ഇക്കോ ടൂറിസം മേഖല, ആര്യങ്കാവ് പാലരുവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തുന്ന യുവാക്കളാണ് അപകടത്തിൽപ്പെടുന്നതിലധികവും. ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള സ്ഥലത്ത് അപകടം ഉണ്ടാകാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു.