കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജ് സുവോളജി വകുപ്പ് കല്ലേൻ പൊക്കുടൻ മാംഗ്രെവ് ട്രീ ട്രസ്റ്റുമായി സഹകരിച്ച് നടപ്പാക്കുന്ന തീരസംരക്ഷണ പദ്ധതിയായ 'തീരാത്തൊരു കണ്ടൽ' ഇന്ന് ഇരവിപുരം താന്നി കടലോരത്ത് ആരംഭിക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി സംസാരിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. താന്നി സെന്റ് മൈക്കിൾ ഇടവക വികാരി ഫാ.ബെനറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജെ. ജോജോ, ആനന്ദൻ പൊക്കുടൻ, കോളേജ് മാനേജർ ഫാ.അനിൽ ജോസ്, കോർപ്പറേഷൻ കൗൺസിലർ സുനിൽ ജോസ്, പ്രോഗ്രാം കോ ഓർഡിനറ്റർ നിഷാ തോമസ് എന്നിവർ പങ്കെടുക്കും. കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, കമ്മ്യൂണിറ്റി ഔട്ട് റീച്ച് കമ്മിറ്റി, സുവോളജി അലുമ്നി അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നിർവഹണം. കണ്ടൽ വനങ്ങൾ വച്ചു പിടിപ്പിച്ച് തീരശോഷണം തടയുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. താന്നി തീരത്ത് തുടക്കം കുറിയ്ക്കുന്ന പദ്ധതി ജില്ലയിലെ മറ്റ് കടലോര മേഖലകളിലേക്ക് തുടർന്നും വ്യാപിക്കും.