 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി- കുന്നത്തൂർ അസംബ്ളി മണ്ഡലങ്ങളിലെ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിനെയും തൊടിയൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് പള്ളിക്കലാറിന്ന് കുറുകെയുള്ള ചേലക്കോട്ടുകുളങ്ങര- വലിയതറ കടവ് പാലത്തിന്റെ നിർമ്മാണം ഉടനെ ആരംഭിക്കാൻ തീരുമാനം. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷമാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനം തീരുമാനിക്കുന്നത്. 15 കോടിയോളം രൂപ പാലത്തിനും അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാനുമായി വേണ്ടി വരും. പാലത്തിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് തൊടിയൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സി.ആർ.മഹേഷ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ, വൈസ് പ്രസിഡന്റ് പി.സി. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രാജീവ്, തൊടിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീകല, വാർഡ് അംഗം ഇന്ദ്രൻ, തഹസിൽദാർ സുശീല, ബ്രിഡ്ജസ് എക്‌സിക്യൂട്ടീവ് എൻജിനീയർ ദീപ ഓമനക്കുട്ടൻ, എ.ഇ പ്രബിഷ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് മാത്രമേ പാലത്തിന്റെ പണി ആരംഭിക്കുകയുള്ളുവെന്ന് എം.എൽ.എ മാർ പറഞ്ഞു. സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എം.എൽ.എ മാരേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും യോഗം ചുമതലപ്പെടുത്തി.