കൊല്ലം: നെടുമൺകാവ് എം.എൽ.എ പാലത്തിന് ശാപമോക്ഷം, പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങി. നാല് പതിറ്റാണ്ട് മുമ്പ് കൊട്ടറ ഗോപാലകൃഷ്ണൻ എം.എൽ.എ ആയിരുന്ന കാലത്ത് നിർമ്മിച്ച പാലത്തെ എം.എൽ.എ പാലമെന്നാണ് അറിയപ്പെട്ടിരുന്നത്. പാലത്തിന്റെ കോൺക്രീറ്റ് ഇളകിയും വശങ്ങളും കൈവരിയും ഇടിഞ്ഞും തീർത്തും നാശത്തിലായിരുന്നു. ഇതോട് ചേരുന്ന തോടിന്റെ സംരക്ഷണ ഭിത്തികളും തകർന്നിരുന്നു. സംരക്ഷണ ഭിത്തി തകർന്നതോടെ വെള്ളം ദിശമാറി ഒഴുകാൻ തുടങ്ങി. വെള്ളം കയറിയതോടെ ഏലായിലെ കൃഷിക്കും ദോഷമായി. പാലം തകർച്ചയിലേക്ക് നീങ്ങിയതോടെ പുതിയ പാലം നിർമ്മിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായി 22 ലക്ഷം രൂപ അനുവദിച്ചിരുന്നു. കരീപ്ര ഗ്രാമപഞ്ചായത്ത് 9.5 ലക്ഷം രൂപയും അനുവദിച്ചു. ഇത് രണ്ടും ചേർത്താണ് ഇപ്പോൾ പുതിയ പാലത്തിന്റെ നിർമ്മാണജോലികൾ തുടങ്ങിയത്. 5.2 മീറ്റർ വീതിയും 8.2 മീറ്റർ നീളവുമുള്ളതാണ് പുതിയ പാലം. മൂന്ന് സ്പാനുകളാണ് നിർമ്മിക്കുന്നത്. നെടുമൺകാവ് ആറിന്റെ കൈവഴിയായ ഈയല്ലൂർ തോടിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. ഈയല്ലൂർ തോട് ഇത്തിക്കരയാറിന്റെ കൈവഴിയായ നെടുമൺകാവ് ആറിൽ ചേരുന്നതും പാലത്തിന് താഴെയാണ്.
യാത്രാദുരിതം മാറും
ഈയല്ലൂർ തോടിന് കുറുകെയുള്ള പാലത്തിലൂടെ നിരവധി വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. നെടുമൺകാവിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നതും എം.എൽ.എ പാലത്തിലൂടെയാണ്. പാലം തകർച്ചയിലായതോടെ യാത്രക്കാർ ഭീതിയിലായിരുന്നു. പുതിയ പാലം വരുന്നതോടെ യാത്രാ ദുരിതം തീർത്തും ഇല്ലാതാകും.
മന്ത്രിയെത്തി
പാലത്തിന്റെ നിർമ്മാണ ജോലികൾ വിലയിരുത്താൻ മന്ത്രി കെ.എൻ.ബാലഗോപാലെത്തി. മഴക്കാലത്തിന് മുമ്പ് നിർമ്മാണം ഏറെക്കുറെ പൂർത്തിയാക്കും. ഏലാ സംരക്ഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമൊക്കെ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.