t

കൊല്ലം: നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ഇടപെടുന്നതിൽ കോർപ്പറേഷന് മെല്ലെപ്പോക്ക്. നഗരത്തിൽ ഏകദേശം 1.10 ലക്ഷം വീടുകളാണുള്ളത്. വാട്ടർ അതോറിട്ടി​യുടെ കണക്ക് പ്രകാരം 54,000 വീടുകളിലാണ് കണക്ഷനുള്ളത്. സാങ്കേതിക തകരാർ കാരണം നിരവധി ടാപ്പുകളിൽ കുടിവെള്ളം എത്തുന്നില്ല.

ഇരവിപുരം മുതൽ ശക്തികുളങ്ങര വരെയുള്ള തീരമേഖല, കിളികൊല്ലൂർ, കരിക്കോട്, പുന്തലത്താഴം, അഞ്ചാലുംമൂട്, നഗരത്തിലെ വിവിധ തുരുത്തുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ജല അതോറിട്ടി​യുടെ ടാപ്പുകൾ വഴിയുള്ള കുടിവെള്ള വിതരണം. പൈപ്പ് പൊട്ടലോ കുഴൽക്കിണറുകളിലെ പമ്പുകൾക്ക് തകരാറോ സംഭവിച്ച് ദിവസങ്ങളോളം കുടിവെള്ള വിതരണം മുടങ്ങുന്ന സ്ഥലങ്ങളിൽ മാത്രമാണ് നഗരസഭ ടാങ്കർ ലോറികളിൽ ജലമെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദി​വസങ്ങളി​ൽ വെള്ളമെടുക്കാനായി തിക്കും തിരക്കുമാണ്. എന്നിട്ടും ഇവി​ടങ്ങളി​ൽ സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കാൻ കഴി​യുന്നി​ല്ല.

 ഇത്തിരിനേരം കിട്ടിയാലായി!

കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ പുതുതായി 15,000 ടാപ്പ് കണക്ഷൻ കൂടി നൽകി. പക്ഷേ വിതരണ സ്രോതസ് വർദ്ധിച്ചില്ല. ഇതോടെ ടാപ്പുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്ന കുടിവെള്ളം വളരെ കുറച്ച് സമയമേ ലഭ്യമാകുകയുള്ളു. വേനൽ രൂക്ഷമായതോടെ കുഴൽക്കിണറുകളിലെ പമ്പിംഗ് സമയം വർദ്ധിപ്പിച്ചിട്ടുണ്ട്.

 ജലനിരപ്പ് താഴുന്നു

കൊല്ലം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ഒരാഴ്ചയ്ക്കിടയിൽ 10 സെ.മീറ്റർ താഴ്ന്നു. ഒരാഴ്ച നിലവിൽ 280 സെന്റീമീറ്ററാണ് ജലനിരപ്പ്. ഇവിടെ നിന്നും 9 എം.എൽ.ഡി (മെഗാ ലിറ്റേഴ്സ് പെർ ഡേ) ജലമാണ് പ്രതിദിനം നഗരത്തിലേക്ക് കൊണ്ടുവരുന്നത്. ജലനിരപ്പിൽ കാര്യമായ കുറവ് സംഭവിച്ചില്ലെങ്കിൽ ഈ വേനൽക്കാലത്ത് പമ്പിംഗിന്റെ അളവ് കുറയ്ക്കേണ്ടി വരില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 വെള്ളത്തിന് ദുർഗന്ധവും

വാട്ടർ അതോറിട്ടിയുടെ ടാപ്പുകൾ വഴിയെത്തുന്ന കുടിവെള്ളത്തിന് നിറം മാറ്റത്തിനൊപ്പം ഇടയ്ക്കിടെ അസഹ്യമായ ദുർഗന്ധമുണ്ടെന്നും പരാതിയുണ്ട്. പൈപ്പ് പൊട്ടി ചെളിവെള്ളം കയറുന്നതിനാലാണ് ചില ഘട്ടങ്ങളിൽ ഓരുവെള്ളം എത്തുന്നതെന്നാണ് വാട്ടർ അതോറിട്ടി അധികൃതരുടെ വിശദീകരണം. ശാസ്തംകോട്ടയ്ക്ക് പുറമേ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൊട്ടിയത്തെ ടാങ്കിൽ നിന്നും നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.

 ആകെ വിതരണം- 19 (എം.എൽ.ഡി)

 ശാസ്താംകോട്ടയിൽ നിന്ന്: 9

 ജപ്പാൻ പദ്ധതി: 4

 കുഴൽക്കിണർ: 5

വാട്ടർ അതോറിട്ടിയുടെ ടാപ്പുകളിൽ ലഭിക്കുന്ന കുടിവെള്ളത്തിന് നിറം മാറ്റമോ, ദുർഗന്ധമോ ശ്രദ്ധയിൽപ്പെട്ടാൽ 1916 എന്ന നമ്പരിൽ പരാതി അറിയിക്കണം. വൈകാതെ ജീവനക്കാരെത്തി പരിഹാരം കാണും. ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജലക്ഷാമത്തിന് വലിയ അളവിൽ പരിഹാരമാകും

ഷിറാസ്, അസി. എക്സിക്യുട്ടീവ് എൻജിനീയർ