t
കിഴക്കേ കല്ലട പാടശേഖരം

കൊല്ലം: ജില്ലയുടെ നെല്ലറയായിരുന്ന കിഴക്കേ കല്ലടയിൽ തരിശു പാടങ്ങൾ പുനരുജ്ജീവിപ്പിച്ച് നെൽകൃഷി ആരംഭിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി. ആദ്യഘട്ടമായി ത്രിവേണി പാടശേഖരത്ത് വിത്തിറക്കാനാണ് നീക്കം. 30 വർഷമായി തരിശുകിടക്കുന്ന പാടം കൃഷിയോഗ്യമാക്കാൻ വെല്ലുവിളികൾ നിരവധിയുണ്ട്.

പാടശേഖര സമിതി രൂപീകരണമാണ് ആദ്യ കടമ്പ. നേരത്തെ ഉണ്ടായിരുന്ന രജിസ്ട്രേഷൻ നഷ്ടമായതിനാൽ പുതുതായി സമിതി രജിസ്റ്റർ ചെയ്യാനുളള ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൃഷി ഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷകരുടെ യോഗം ചേർന്ന് പാടശേഖര സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

കല്ലട ടൗൺ വാർഡ് മുതൽ താഴം വരെ വ്യാപിച്ചു കിടക്കുന്ന നൂറ് ഹെക്ടറോളം വരുന്ന ഭൂപ്രദേശമാണ് ത്രിവേണി പാടശേഖരം. അഞ്ചു ഹെക്ടറിൽ മാത്രമായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ നെൽകൃഷി. 30 ഹെക്ടറോളം പാടം ചെളിയെടുത്ത് വലിയ കുഴികൾ രൂപപ്പെട്ടു. കൃഷി ചെയ്തിരുന്ന ഭൂമി ഒഴിച്ചാൽ ബാക്കിയെല്ലാം കാടുകയറി കിടക്കുന്നു. ഇതു കൃഷി യോഗ്യമാക്കുക ഏറെ ശ്രമകരമാണ്. പാടശേഖരത്തിലുളള വസ്തു ഉടമകളിൽ പലരും സ്ഥലത്തില്ല. ചിലർ മരിച്ചു പോയി. ഭൂമിയുടെ യഥാർത്ഥ അവകാശികളെ കണ്ടെത്താൻ 150 ഓളം ഭൂഉടമകളുടെ മേൽവിലാസം വില്ലേജ് ഓഫീസിൽ നിന്ന് ശേഖരിച്ചു. ഉടമകളിൽ നിന്ന് അനുമതി ലഭിച്ചാൽ നിലം ഒരുക്കൽ നടപടികൾ ആരംഭിക്കും. മേയിൽ കൃഷിയിറക്കാനാണ് ശ്രമം. ത്രിവേണി പാടശേഖര സമിതിയാണ് കൃഷിയിറക്കുന്നതെങ്കിലും കുട്ടനാട്ടിൽ നിന്നുളള പാടശേഖര സമിതി പ്രവർത്തകർ കൃഷിക്കുളള സാങ്കേതിക സഹായങ്ങൾ നൽകും.

 പാടശേഖര സമിതി ഭാരവാഹികൾ

അനിൽകുമാർ (പ്രസിഡന്റ്), വിപിൻ പനച്ചാറ (സെക്രട്ടറി), സന്തോഷ് കൈപ്പളളിൽ (ട്രഷറർ)

ത്രിവേണി പാടശേഖരമാണ് കൃഷിക്കായി ആദ്യം ഒരുക്കുക. മേയിൽ കൃഷി ആരംഭിക്കും. തുടർന്ന് മറ്റ് പാടശേഖരങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കും

സുമി മോഹൻ, കൃഷി ഓഫീസർ, കിഴക്കേ കല്ലട