photo
അറ്റുകുറ്റപ്പണികൾക്കായി അഷ്ടമുടി കായലിൽ കയറ്റിയിട്ടിരിക്കുന്ന ഡി.ടി.പി.സി യുടെ ഹൗസ് ബോട്ടുകൾ

 സർക്കാർ വക നാലു ബോട്ടുകൾ 'വിശ്രമിച്ച്' നാശത്തിലേക്ക്

കരുനാഗപ്പള്ളി: ജലരാജൻ, ജലറാണി, ജലമങ്ക, ജലസദസ്...ഡി.ടി.പി.സിയുടെ (ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ) ഹൗസ് ബോട്ടുകളാണിത്. കായലിന്റെ കുളിരുകോരിയെത്തുന്ന ഈ ജലയാനങ്ങളുടെ പേരുകേൾക്കാൻ തന്നെ എന്താ രസം! എന്നാൽ,​ ഇതൊക്കെ കേൾക്കാനേ കഴിയൂ,​ കാണാൻ കിട്ടില്ല. കാരണം ഈ നാലു ബോട്ടുകളും അറ്റകുറ്റപ്പണിയുടെ പേരിൽ വിശ്രമ ജീവിതം ആരംഭിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു.

എല്ലാ വർഷവും നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിനോദസഞ്ചാരികൾ കൂടുതലായി കേരളത്തിലെത്തുന്നത്. അവരിൽ അധികം പേർക്കും പ്രിയം കായൽ യാത്രതന്നെ. ഡി.ടി.പി.സിക്ക് കൊല്ലത്തും കരുനാഗപ്പള്ളിയിലും മാത്രമാണ് ഹൗസ് ബോട്ട് സർവീസുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഡി.ടി.പി.സിയുടെ നാലു ബോട്ടും വിശ്രമത്തിലാണ്. ബോട്ടുകളെല്ലാം അറ്റകുറ്രപ്പണിക്കായി റിപ്പയറിംഗ് യാർഡിൽ കയറ്റിയതോടെ തക്കം പാർത്തിരുന്ന സ്വകാര്യ കമ്പനികൾ മേഖലയെ കൈപ്പിടിയിലാക്കുകയും ചെയ്തു.

കന്നേറ്റി ശ്രീനാരായണ ഗുരുപവലിയനിൽ പ്രവർത്തിക്കുന്ന ഡി.ടി.പി.സി യുടെ ഹൗസ് ബോട്ട് ടെർമലിൽ നിന്ന് രണ്ട് വർഷം മുമ്പ് വരെ ജലസദസ് സർവ്വീസ് നടത്തിയിരുന്നത്. കൊല്ലത്ത് നിന്ന് മൺട്രോതുരുത്തിലേക്കും സാമ്പ്രാണിക്കോടി, അഷ്ടമുടിക്കായൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുമായിരുന്നു വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള കായൽ സഞ്ചാരം. എന്നാൽ,​

കഴിഞ്ഞ രണ്ടു വർഷമായി യാഡിൽ കയറ്റിയിട്ടിരിക്കുന്ന ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

 സ്വകാര്യ ബോട്ടുകൾക്ക് ചാകര

ഡി.ടി.പി.സി ഹൗസ് ബോട്ട് സർവീസിൽ നിന്ന് പിൻവാങ്ങിയതോടെ സ്വകാര്യ ടൂറിസം ഓപ്പറേറ്റർമാർ തടിച്ച് കൊഴുക്കുകയാണ്. സ്വകാര്യ കമ്പനികൾ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നതായും ആക്ഷേപമുണ്ട്. നാലുപേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് സവാരിക്ക് ആഹാരം ഉൾപ്പെടെ ആറായിരവും ടാക്സും ഡി.ടി.പി.സി വാങ്ങിയിരുന്നിടത്ത് സ്വകാര്യന്മാർ പതിനായിരത്തോളം രൂപയാണ് സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയേ സർക്കാരിന് നിവൃത്തിയുള്ളൂ. സ്വകാര്യമേഖലയ്ക്ക് തടിച്ച് കൊഴുക്കാൻ എല്ലാ അവസരവും ഒരുക്കിക്കൊടുത്തിട്ട് ഡി.ടി.പി.സി കണ്ണടച്ച് ഉറക്കംനടിക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്. അറ്റകുറ്റപ്പണികൾക്കായി കയറ്റിയിട്ടിരിക്കുന്ന ഡി.ടി.പി.സിയുടെ ഹൗസ് ബോട്ടുകൾ അത് പൂർത്തിയാക്കി എത്രയും വേഗം നീറ്റിലിറക്കണമെന്നതാണ് വിനോദസഞ്ചാരികളുടെ ആവശ്യം.

 ഹൗസ്ബോട്ട് പിറന്ന നാട്

ഇന്ത്യയിലാദ്യമായി ഹൗസ്ബോട്ട് നിർമ്മാണം ആരംഭിച്ചത് ആലുംകടവിലാണ്. ജലഗതാഗത്തിന്റെ പ്രാധാന്യമില്ലാതായതോടെ പഴയ കെട്ടുവള്ളങ്ങളെ ആകർഷങ്ങളായ ഹൗസ് ബോട്ടുകളാക്കി മാറ്റുകയായിരുന്നു. ആലുംകടവിലെ വള്ളത്തൊഴിലാളികളാണ് ഹൗസ് ബോട്ടുകൾ ആദ്യമായി നീറ്റിലിറക്കിയതും. വള്ളം കെട്ടുന്ന തൊഴിലാളികൾക്ക് ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപ്പണികളും എളുപ്പത്തിൽ ചെയ്തുതീർക്കാനാകും. ഇതിന് കൂടുതൽ സാങ്കേതിക വൈദഗ്ധ്യം അവർക്ക് ആവശ്യമില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.