xp
കുലശേഖരപുരം ആദിനാട് പുളിക്കാമഠം ജംഗ്ഷനിലെ ഓയിൽ മിൽ കെട്ടിടം കാടുകയറിയ നിലയിൽ

തഴവ: വെളിച്ചെണ്ണയും എള്ളെണ്ണയും ഒറ്റാക്ക് എന്ന ബ്രാൻഡിൽ

വിതരണം ചെയ്യാനായി കേരകർഷകർ സ്ഥാപിച്ച ഉൽപ്പാദക സംഘം നാശത്തിലേക്ക് കൂപ്പുകുത്തുന്നു. കർഷക ക്ഷേമ വകുപ്പിന്റെ ആത്മ, ഓച്ചിറ ഫാർമേഴ്സ് എക്സ്റ്റൻഷൻ ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് കുലശേഖരപുരം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയാണ് ആദിനാട് പുളിക്കാമഠം ജംഗ്‌ഷനിൽ എണ്ണ ഉത്പാദക സംഘം ആരംഭിച്ചത്. കർഷകർക്ക് മതിയായ വില ഉറപ്പു വരുത്തുക,ശുദ്ധമായ എണ്ണ, വെളിച്ചെണ്ണ എന്നിവ വിപണിയിലെത്തിക്കുക എന്നിവയായിരുന്നു 2013 ൽ സ്ഥാപിതമായ സംഘത്തിന്റെ പ്രധാന ലക്ഷ്യം. മുപ്പത് മുതൽ നാൽപ്പത് വരെ അംഗങ്ങളുള്ള മുപ്പത്തിരണ്ട് യൂണിറ്റുകളാണ് സംഘത്തിന്റെ പരിധിയിലുള്ളത്. ഒരോ അംഗത്തിൽ നിന്ന് 2000 രൂപ വീതം അംഗത്വ ഫീസായി വാങ്ങിയ തുക ഉപയോഗിച്ച് ഗുണഭോക്തൃവിഹിതം അടച്ചാണ് ആത്മയുടെ സഹകരണത്തോടെ മിൽ ആരംഭിച്ചത്. തുടക്കത്തിൽ കർഷകരുടെ നല്ല പിന്തുണ ലഭിച്ചെങ്കിലും വിപണിയിലെ മറ്റ് വെളിച്ചെണ്ണയോട് പൊരുതി നിൽക്കാൻ ഒറ്റാക്കിന് കഴിഞ്ഞില്ല. സ്വാഭാവികമായ രീതിയിൽ വെളിച്ചെണ്ണ തയ്യാറാക്കിയാൽ ഒരു കിലോയ്ക്ക് ശരാശരി 230 രുപ വരെ ഉത്പാദന ചെലവ് വരുന്നു എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നിരുന്നാലും,​ കലർപ്പും കൃത്രിമവുമില്ലാത്ത എണ്ണ എന്ന നിലയിൽ ലഭിച്ച പ്രദേശിക പിന്തുണയിൽ സ്ഥാപനം മുന്നോട്ട് പോയെങ്കിലും കൊവിഡ് വ്യാപനത്തോടെ സ്ഥാപനം പൂർണ്ണമായും അടച്ചിടുകയായിരുന്നു. കേരസംരക്ഷണത്തിന്റെ പേരിൽ വർഷന്തോറും കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുമ്പോഴും ഒറ്റാക്കിനെ കൈ പിടിച്ചുയർത്താൻ അധികൃതർ മനസുവച്ചതുമില്ല.

അടഞ്ഞുകിടന്നാലും

വാടകയിൽ ഇളവില്ല !

കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 36 സെന്റ് ഭൂമി വാടകയ്ക്കെടുത്താണ് മിൽ പ്രവർത്തനം ആരംഭിച്ചത്. മാസം ആയിരം രൂപയാണ് വാടയിനത്തിൽ നിശ്ചയിച്ചതെങ്കിലും ജി.എസ്.ടി ഉൾപ്പടെ 15,600 രൂപയാണ്

ഒരുവർഷം പഞ്ചായത്തിന് നൽകിയിരുന്നത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം സ്ഥാപനം അടഞ്ഞുകിടന്നെങ്കിലും വാടകയുടെ കാര്യത്തിൽ ഇളവ് വരുത്താൻ അധികൃതർ തയ്യാറായില്ല. 2018ൽ മൂന്ന് ലക്ഷം രൂപ റിവോൾവിംഗ് ഫണ്ട് നൽകിയെങ്കിലും ഡ്രയർ യൂണിറ്റ് നിർമ്മിച്ച് നൽകാമെന്ന അധികൃതരുടെ വാഗ്ദാനവും ഒരു ഷെഡിൽ ഒതുങ്ങുകയായിരുന്നു.