 
കൊല്ലം: വേനലിന്റെ തുടക്കത്തിൽ തന്നെ കൊട്ടാരക്കര പുലമൺ തോട്ടിൽ നീരൊഴുക്ക് നിലയ്ക്കുന്നു, മാലിന്യം നിറയുന്നു. തോടിന്റെ സംരക്ഷണ പദ്ധതികളൊന്നും ലക്ഷ്യത്തിലെത്തിയതുമില്ല. കൊട്ടാരക്കര പട്ടണത്തിന്റെ തെളിനീരുറവയായിരുന്ന പുലമൺതോട് നിലനിൽപ്പിനായി കേഴുകയാണ്. സംരക്ഷണ പദ്ധതികൾ ഒട്ടേറെ പ്രഖ്യാപിക്കുകയും അളന്ന് തിരിക്കലും കൈയേറ്റം ഒഴിപ്പിക്കലുമൊക്കെ വഴിപാടുപോലെ നേരത്തെ നടത്തിയതാണ്. കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങിയപ്പോൾത്തന്നെ പല കോണുകളിൽ നിന്ന് എതിർപ്പുകളുണ്ടായി. അതോടെ അധികൃതർ പിൻവാങ്ങുകയും ചെയ്തു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിലും പുലമൺ തോട് ചർച്ചയ്ക്കെടുത്തു. കൈയേറ്റം ഒഴിപ്പിക്കാൻ തോടുമായി ബന്ധപ്പെടുന്ന പഞ്ചായത്തുകൾക്കും കൊട്ടാരക്കര നഗരസഭയ്ക്കും നിർദ്ദേശം നൽകാനും യോഗം തീരുമാനിച്ചു. എന്നാൽ, അതുകൊണ്ട് ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇപ്പോൾ നീരൊഴുക്ക് നിലച്ചതോടെ മാലിന്യം അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. മണൽത്തിട്ടകൾ രൂപപ്പെടുകയും അതിൽ കുറ്റിക്കാടുകൾ വളരുകയും ചെയ്തു. ഇനിയും ഈ അവഗണന തുടർന്നാൽ പുലമൺ തോട് അധികം താമസമില്ലാതെ അകാലമൃതിയടയുമെന്നാണ് നാട്ടുകാർ പറയുന്നത്. മീൻപിടിപ്പാറ ടൂറിസം പദ്ധതി പുലമൺ തോടുമായി ബന്ധപ്പെട്ടുള്ളതാണ്. അതുകൊണ്ടുതന്നെ തോട് വൃത്തിയാക്കി ബോട്ടിംഗ് ഉൾപ്പടെ നടത്താനും പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, എല്ലാ പ്രഖ്യാപനങ്ങളെല്ലാം പലവഴിക്ക് തടസപ്പെട്ടിരിക്കുകയാണ്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇതുവരെയും പുലമൺ തോടിന്റെ കാര്യം ഗൗരവത്തിലെടുത്തിട്ടില്ല. വരുന്ന ബഡ്ജറ്റിൽ പുലമൺ തോടിനും പ്രതീക്ഷയുണ്ട്.
പച്ചപിടിക്കാതെ
ഹരിതകേരളം
സംസ്ഥാന സർക്കാർ ഹരിത കേരളത്തിൽ ഉൾപ്പെടുത്തി പുലമൺ തോടിന്റെ സംരക്ഷണത്തിന് 13.92 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ, ഈ പദ്ധതിയെവിടെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായി മുൻ എം.എൽ.എയും നഗരസഭയും രംഗത്തുവന്നിട്ട് വളരെ പെട്ടെന്നാണ് പിൻവാങ്ങിയത്. സംരക്ഷണമൊരുക്കാൻ തുടങ്ങിവച്ച പദ്ധതികളൊക്കെ തുടങ്ങിയിടത്ത് തന്നെ ഒടുങ്ങി. അളന്ന് തിരിച്ച് കല്ലിട്ടതിൽ പലതും അപ്രത്യക്ഷമായിട്ടുണ്ട്. തോടിന്റെ വശങ്ങൾ ഇടിഞ്ഞു തള്ളുന്നു. കൽക്കെട്ട് ഇല്ലാത്ത ഭാഗങ്ങളിൽ കൂടുതൽ കയ്യേറ്റ ശ്രമങ്ങളുമുണ്ട്. പെരുമഴയിൽ തോട്ടിൽ വലിയതോതിൽ വെള്ളം ഉയരുകയും സംരക്ഷണ ഭിത്തികൾ തകരുകയും ചെയ്തിരുന്നു. ഇവ പുനർ നിർമ്മിച്ചില്ലെങ്കിൽ കൂടുതൽ ഭാഗം ഇളകിപ്പോകും. തോട്ടിൽ പലയിടത്തും മൺകൂനകളും മാലിന്യ കൂമ്പാരങ്ങളുമുണ്ട്. ഇവ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ നഗരസഭ താത്പര്യമെടുക്കുന്നില്ല.
പാലവും
തകർച്ചയിൽ
കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ കാെട്ടാരക്കര പുലമൺ തോടിന് കുറുകെയുള്ള പാലവും തകർച്ചയിലാണ്. സംരക്ഷണ ഭിത്തികൾ ഇടിയാൻ തുടങ്ങിയിട്ടുണ്ട്. ആൽമരങ്ങൾ വളർന്ന് തൂണുകൾക്ക് ബലക്ഷയമുണ്ടാകുന്നു. ഇതിനിടെ പാലം നവീകരണത്തിനായി ദേശീയപാത വിഭാഗം അനുവദിച്ച തുക നഷ്ടപ്പെടുകയും ചെയ്തു.