 
കൊട്ടാരക്കര: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡിസ്ട്രിക്ട് അഗ്രോമെറ്റ് യൂണിറ്റിന്റെ കീഴിൽ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ ഉദ്ഘാടനം കെ.സോമപ്രസാദ് എം.പി നിർവഹിച്ചു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.വി.കെ മേധാവി ഡോ.ബിനി സാം പദ്ധതി വിശദീകരിച്ചു. ഡോ.എം.ജോയ്, ഡോ.ബിന്ദു പൊടിക്കുഞ്ഞ്, ഇസബെല്ല ജോബ് എന്നിവർ സംസാരിച്ചു. തുടർന്ന് കാലാവസ്ഥയെ അറിഞ്ഞു വളരാം എന്ന വിഷയത്തിൽ കാലാവസ്ഥ സെമിനാറും പ്രദർശനവും വനിതാ യുവജന ശാക്തീകരണ പദ്ധതികളും നടന്നു. പ്രാദേശിക തലത്തിൽ കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കുന്നതിനും കാലാവസ്ഥ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മഴയുടെ അളവ്, കാറ്റിന്റെ വേഗത, ദിശ, അന്തരീക്ഷ താപനില, ആർദ്രത എന്നിവയുടെ കൃത്യമായ വിവരങ്ങൾ ഓരോ പതിനഞ്ച് മിനിട്ടിലും ശേഖരിക്കുന്നതിനും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലൂടെ കഴിയും.