
കൊല്ലം: വിവിധ ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങളും 2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചിരുന്നതും ഇനിയും മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്തതുമായ പെൻഷൻകാർക്ക് ഫെബ്രുവരി ഒന്നു മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുകയാണെങ്കിൽ രേഖകൾ ഹാജരാക്കിയാൽ ബോർഡ് മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് നടത്താനാവും. കിടപ്പ് രോഗികളുടെ വീട്ടിലെത്തി ചെയ്യാൻ അടുത്തുള്ള അക്ഷയ കേന്ദ്രത്തിന്റെ സഹായം തേടുന്നതിന് അവസരമുണ്ട്.
# ഉറപ്പുവരുത്താൻ
ജീവിച്ചിരിക്കുന്നവർ തന്നെയാണ് പെൻഷൻ കൈപ്പറ്റുന്നതെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകൾ വാങ്ങുന്നവരും ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തണം. ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തി ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാം. തികച്ചും സൗജന്യമാണ്. അക്ഷയ കേന്ദ്രങ്ങൾക്കാവശ്യമായ തുക സർക്കാർ നൽകും.
# ആധാർ കാർഡ് നിർബന്ധം
പെൻഷൻ വാങ്ങുന്നയാൾ നേരിട്ടുതന്നെ നിർബന്ധമായും അക്ഷയയിൽ എത്തണം
പെൻഷനുവേണ്ടി തദ്ദേശസ്ഥാപനത്തിൽ സമർപ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നാവണമെന്നത് നിർബന്ധം
ആധാർ കാർഡ് വേണം. വേഗം പൂർത്തീകരിക്കാൻ സേവന പെൻഷൻ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന പെൻഷൻ ഐ.ഡി ഉപയോഗിക്കാം
ബന്ധുക്കൾ അറിയിച്ചാൽ കിടപ്പു രോഗികളുടെ വീട്ടിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ആളെത്തും
ആധാർ കാർഡ് ഇല്ലാതെ പെൻഷൻ വാങ്ങുന്നവർ ഗസറ്റഡ് ഓഫീസറിൽ നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ ഭരണ സ്ഥാപനത്തിൽ നൽകണം
6. തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി ഡിജിറ്റൽ സൈൻ ചെയ്ത ആക്റ്റിവായിട്ടുള്ള എല്ലാ പെൻഷനേഴ്സിനും തുടർന്നും പെൻഷൻ ലഭിക്കാൻ മസ്റ്ററിംഗ് നടത്തണം. അതായത് 2019 ഡിസംബർ മാസം മുതൽ പെൻഷൻ ലഭിക്കണമെങ്കിൽ മസ്റ്ററിംഗ് ചെയ്തിരിക്കണം
7. സഹകരണ ബാങ്കുകൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ കൈപറ്റുന്നവരും മസ്റ്ററിംഗ് നടത്തണം.
8. മുൻപ് മസ്റ്ററിംഗ് നടത്തിയവർ വീണ്ടും ചെയ്യേണ്ടതില്ല
# ജില്ലയിലെ സ്ഥിതിവിവരം (പെൻഷൻ വിഭാഗം - ആകെയുള്ളവർ- മസ്റ്ററിംഗ് പൂർത്തീകരിച്ചവർ)
കർഷക തൊഴിലാളി: 21,844 - 20,874
വാർദ്ധക്യകാലം: 2,42,376 - 2,00,793
ഭിന്നശേഷി: 39,186 - 36,344
50ന് മുകളിലുള്ള അവിവാഹിതരായ വനിതകൾ: 3,042 - 2,778
വിധവകൾ: 1,35,671 - 1,26,221
.................................
ആകെ പെൻഷൻകാർ: 4,42,119
മസ്റ്ററിംഗ് പൂർത്തിയാക്കിയവർ: 3,87,010
ശേഷിക്കുന്നവർ: 55,109
# പെൻഷൻ ലഭ്യമാക്കുന്ന സംസ്ഥാനതല ക്ഷേമനിധി ബോർഡുകൾ: 27
ആകെ പെൻഷൻ ലഭിക്കുന്നവർ: 11,54,864
മസ്റ്ററിംഗ് നടത്താനുള്ളവർ: 2,14,871