കൊല്ലം: കെ.എസ്.ഇ.ബി പള്ളിമുക്ക്, കന്റോൺമെന്റ് സെക്ഷനുകളിൽ വൈദ്യുതി മുടക്കം പതിവായി. നിസാരകാര്യങ്ങളുടെ പേരിൽ മണിക്കൂറുകളോളം വൈദ്യുതി മുടക്കി നാട്ടുകാരെ ബുദ്ധിമുട്ടിലാകുന്നത് വിനോദമാക്കിയിരിക്കുയാണ് അധികൃതർ.

കമ്പികളിൽ തട്ടിക്കിടക്കുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ പേരിൽ മാത്രം ഒരുമാസത്തിനിടെ നിരവധി തവണയാണ് വൈദ്യുതി മുടക്കിയത്. ഇത്തരത്തിൽ മുറിച്ചുമാറ്റിയ ഇടങ്ങളിൽ തൊട്ടടുത്ത ദിവസങ്ങളിൽ പോലും മരശിഖരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി മുടങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ ഒരു മേഖലയിൽ മാത്രം ഇത്തരത്തിൽ പത്തോളം ദിവസങ്ങളിൽ പകൽ മുഴുവൻ വൈദ്യുതി മുടക്കിയതായി ആക്ഷേപം ഉയർന്നിട്ടും പരിഹാര നടപടികൾ സ്വീകരിക്കാനോ വൈദ്യുതി മുടക്കം ഒഴിവാക്കാനോ ആവശ്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല.

ശിഖരങ്ങൾ മുറിച്ചുമാറ്റാനായി ചുമതലപ്പെടുത്തിയിരിക്കുന്നത് സ്വകാര്യ കരാറുകാരെയാണ്. ഇവരെ സഹായിക്കാനായി ഇല്ലാത്ത ജോലികൾ ഉണ്ടെന്ന് കാട്ടുകയും അതിന്റെ പേരിൽ വൈദ്യുതി മുടക്കുകയും ചെയ്യുകയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഒരുമാസം മുൻപ് സ്പേസ് സെന്ററിലേക്കുള്ള ഉപകരണങ്ങളുമായി പോയ വാഹനം തട്ടി സർവീസ് വയർ മുറിഞ്ഞതിന്റെ പേരിൽ 30 മണിക്കൂറിലധികം ഇരുപതോളം വീടുകൾക്ക് വൈദ്യുതി മുടക്കിയ സംഭവവും പള്ളിമുക്ക് സെക്ഷനിൽ ഉണ്ടായിട്ടുണ്ട്.