 
പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ വീതികൂട്ടലും ഓട നിർമ്മാണവും നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിനൊപ്പം യാത്രക്കാരും പൊടിയിൽ മുങ്ങുന്നു.
കടുത്ത വേനലാണ് പൊടിശല്യം രൂക്ഷമാക്കിയത്. ഇതിനൊപ്പം ഓട നിർമ്മാണവും നടക്കുന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് പോലും റോഡ് വശങ്ങളിലെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും കടന്നുപോകാൻ കഴിയുന്നില്ല.
കോന്നി മുതൽ പുനലൂർ വരെ റോഡിന്റെ മിക്ക ഭാഗങ്ങളും പൊളിച്ചിട്ടിരിക്കുകയാണ്. പത്തനാപുരത്ത് നിന്ന് പുനലൂരിലേക്കും കോന്നിയിലേക്കും പോകുന്ന യാത്രക്കാർ റോഡിന്റെ ശോച്യാവസ്ഥ കാരണം മണിക്കൂറുകളോളം കുരുക്കിൽ ഇഴഞ്ഞാണ് നീങ്ങുന്നത്.
പത്തനാപുരം, പിറവന്തൂർ, കടയ്ക്കാമൺ, അലിമുക്ക്, കലഞ്ഞൂർ, ഇടത്തറ, വെട്ടിത്തിട്ട ഭാഗങ്ങളിൽ പൊടിശല്യം അതിരൂക്ഷമാണ്. ചില ഭാഗത്ത് വീടുകളും സ്ഥാപനങ്ങളും റോഡിൽ നിന്ന് വലിയ താഴ്ചയിലാണ്. പൊടി ശല്യം കാരണം പല സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കലുങ്ക് നിർമ്മാണത്തിനായി റോഡിന് കുറകെ വലിയ കുഴികളെടുത്തിട്ടുള്ളതിനാൽ ഒരുവശം ചേർന്നാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമാണ്.
അപകടങ്ങൾ വർദ്ധിക്കുന്നു
1. നിലവിൽ റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
2. ഒരു വാഹനം കടന്നുപോകുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ പൊടിയിൽ മുങ്ങും
3. അപകട സ്ഥിതിയിലുള്ള ഭാഗങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല
4. വേനലിൽ പൊടിയും മഴക്കാലത്ത് ചെളിയും യാത്രക്കാരെ വലയ്ക്കുന്നു
5. പൊടിശല്യം കുറയ്ക്കാൻ ടാങ്കർ ലോറികളിൽ വെള്ളം തളിക്കണമെന്ന് ആവശ്യം
6. മിക്ക സ്ഥലങ്ങളിലും നിർമ്മാണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നു
""
പത്തനാപുരം, പിറവന്തൂർ, അലിമുക്ക്, വെട്ടിത്തിട്ട എന്നിവിടങ്ങളിൽ വ്യാപാരികൾക്കും യാത്രക്കാർക്കും അനുഭവപ്പെടുന്ന പൊടിശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം.
പ്രദീപ് ഗുരുകുലം,
സാമൂഹ്യപ്രവർത്തകൻ
""
റോഡിലെ അപകട സ്ഥലങ്ങളിൽ സൂചനാ ബോർഡുകളും മറ്റ് സംവിധാനങ്ങളും ഒരുക്കണം.
ഫാറൂക്ക് മുഹമ്മദ്
ഗ്രാമ പഞ്ചായത്തംഗം