t

കൊല്ലം: നിരക്കിന്റെ പേരിൽ കെ.എസ്.ഇ.ബിയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനും തമ്മിലുള്ള തർക്കം മൂലം നിർമ്മാണം നീളുന്ന പടിഞ്ഞാറേ കല്ലട ഫ്ളോട്ടിംഗ് സോളാർ വൈദ്യുതി പദ്ധതിയുടെ ഭാവി ഫെബ്രുവരി ആറിന് അറിയാം. വൈദ്യുതി നിരക്ക് നിശ്ചയിക്കാൻ ക്ഷണിച്ച ടെണ്ടർ ആറിനാണ് തുറക്കുന്നത്.

കേരളത്തിലെ അഞ്ച് ഡാമുകളിൽ ഫ്ളോട്ടിംഗ് സോളാർ പദ്ധതിക്ക് കെ.എസ്.ഇ.ബി ടെണ്ടർ ക്ഷണിച്ചിരുന്നു. ഇതിലൂടെ നിശ്ചയിക്കുന്ന വൈദ്യുതി നിരക്ക് പടിഞ്ഞാറേ കല്ലട പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും നൽകാമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി.അശോക്, നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ കേരളാ ചീഫ് വാൾട്ടർ, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് കഴിഞ്ഞമാസം അവസാനം നടന്ന ചർച്ചയിൽ ധാരണ രൂപപ്പെട്ടത്.

പടിഞ്ഞാറേ കല്ലടയുടെ മുഖം തെളിയും

1. പദ്ധതി നടപ്പാക്കുന്നത് ഐത്തോട്ടുവ പടശേഖരത്തിൽ

2. മണലൂറ്റും ചെളി നീക്കവും മൂലം പാടം വെള്ളക്കെട്ടായി

3. 275 ഏക്കർ സ്ഥലത്താണ് സോളാർ വൈദ്യുതി പ്ലാന്റ് വരുന്നത്

4. ടാറ്റാ കൺസൾട്ടൻസിക്കാണ് പദ്ധതിയുടെ നിർമ്മാണ കരാർ

ഉടക്കിന് കാരണം?​

സോളാർ വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് 3.18 രൂപ വേണമെന്ന നിലപാടിലായിരുന്നു ഹൈഡ്രോ പവർ കോർപ്പറേഷൻ. എന്നാൽ 2.45 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി: 50 മെഗാവാട്ട്.

പദ്ധതി ചെലവ് : ₹ 350 കോടി (ആദ്യഘട്ടം)