 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ കായൽ തീരങ്ങളിലുടെ കടന്നുപോകുന്ന പശ്ചിമതീര ദേശീയ ജലപാതയിൽ കായൽ കൈയേറ്റം വ്യാപകമാകുന്നു. ദേശീയജലപാതയ്ക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള കൈയേറ്റമാണ് ഇവിടെ വർഷങ്ങളായി അരങ്ങേറുന്നത്.
രാജഭരണ കാലത്ത് പൊന്നും വിലക്ക് എടുത്ത ഭൂമിപോലും സ്വകാര്യ വ്യക്തികൾ കൈയേറി വളച്ച് കെട്ടി കഴിഞ്ഞു. പുരാതന കാലത്ത് വള്ളങ്ങൾക്ക് രാത്രിയിൽ ദിക്ക് അറിയുന്നതിനായി നിർമ്മിച്ച വിളക്ക് മരം പോലും കൈയേറ്റ ഭീഷണിയിലാണ്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലാണ് ദേശീയജലപാത.
കോവളം മുതൽ വെയ്ക്കൽ വരെ 616 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് ദേശീയ ജലപാത. മുമ്പ് ഇതിന്റെ പേര് ടി.എസ്.കനാൽ എന്നായിരുന്നു. ജലഗതാഗതത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒട്ടനവധി പദ്ധതികളാണ് ദേശീയ ജലഗതാഗത വകുപ്പ് നടപ്പാക്കുന്നത്.
എന്നാൽ ഈ വികസന പദ്ധതികളെ എല്ലാം തകിടം മറിക്കുന്ന വിധത്തിലുള്ള കായൽ കൈയേറ്റങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടുരിക്കുന്നത്. ഭരണത്തിൽ സ്വാധീനം ഉള്ള ആർക്ക് വേണമെങ്കിലും കായൽ തീരങ്ങൾ നികത്തി സ്വന്തമാക്കാം. ഓരോ ദിവസം കഴിയും തോറും ദേശീയജലപാതയുടെ വീതി കുറഞ്ഞ് വരുകയാണ്. കായൽ കൈയേറ്റമാണ് ഇതിന് പ്രധാന കാരണം. കല്ലുംമൂട്ടിൽ കടവിന് വടക്ക് ഭാഗത്ത് സർക്കാരിന്റെ സ്ഥലമാണ് അനധികൃതമായി ഒരു സ്വകാര്യ വ്യക്തി കൈയേറിയത്. ഇതിനെതിരെ ദേശീയജലപാത അതോരിറ്റി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരിക്കുകയാണ്.
50 ഓളം കൈയേറ്റങ്ങളാണ് ദേശീയജലപാത അതോരിറ്റിക്ക് നിലവിൽ കണ്ടെത്താനായത്. ഇതിൽ ഏറ്റവും കൂടുതൽ കായൽ കൈയേറ്റം നടന്നിട്ടുള്ളത് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലാണ്. കൈയേറ്റത്തിന്റെ വ്യക്തമായ കണക്കുകൾ ഉദ്യോഗസ്ഥർ ശേഖരിച്ച് വരികയാണ്. കായൽ കൈയേറ്റത്തിനെതിരെ ഭൂസംരക്ഷണ നിയമം അനുസരിച്ചുള്ള വകുപ്പ് ചുമത്തിയാണ് ദേശീയ ജലഗതാഗത ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നത്. ദേശീയ ജലപാതയുടെ ആഴം കൂട്ടുന്നതിനായി കായലിന്റെ വശങ്ങളിൽ താമസിക്കുനവർക്കും ചില സംഘടനകൾക്കും ദേശീയജലപാത അതോരിറ്റി മണ്ണ് നീക്കം ചെയ്യാൻ അനുവാദം നൽകാറുണ്ട്.
ഇതിന്റെ മറപറ്റി കനാൽ ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് ഉപയോഗിച്ചാണ് കായലിന്റെ തീരങ്ങൾ നികത്തി കൈവശം ആക്കുന്നത്. ഏക്കർ കണക്കിന് കായൽ തീരങ്ങളാണ് സ്വകാര്യ വ്യക്തികൾ ഇതിനകം തന്നെ നികത്തി കൈയേറിയിട്ടുള്ളത്. ചരക്ക് നീക്കത്തിന് പ്രധാനവും ഭാവിയിൽ ജലഗതാഗതത്തെയാണ് ആശ്രയിക്കാൻ പോകുന്നത്.
ഇതിന് മുന്നോടിയായാണ് പശ്ചിമതീര ജലപാത വികസിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കുന്നത്. ഇതിനെയെല്ലാം തുരങ്കം വയ്ക്കുത്തിലുള്ള കായൽ കൈയേറ്റമാണ് കായലിന്റെ ഇരു വശങ്ങളിലും നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാവുകയാണ്.