pankaj-

കൊല്ലം: കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടലിന് മുന്നിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയും നിരവധി വധശ്രമ കേസുകളിലെ പ്രതിയും കാപ്പാ കു​റ്റവാളിയുമായ ഓച്ചിറ ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ വീട്ടിൽ പങ്കജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും ബോക്‌സർ ദിലീപ് എന്ന ദിലീപ് ചന്ദ്രനെ നേരത്തെ അറസ്​റ്റ് ചെയ്തിരുന്നു. 2021 ഫെബ്രുവരി 21ന് രാത്രി 8ന് കരുനാഗപ്പള്ളി കംഫർട്ട് ബാറിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാറിലെ സെക്യൂരി​റ്റിക്കാരനുമായി ഇവർ വഴക്കിടുന്നത് കണ്ട് അടുത്തുചെന്ന വടക്കുതല വെ​റ്റമുക്ക് സ്വദേശി ലത്തീഫിനെ പങ്കജും ദിലീപും ചേർന്ന് തോക്ക് ചൂണ്ടി മർദ്ദിക്കുകയായിരുന്നു.

കരുനാഗപ്പള്ളി കടത്തൂർ സ്വദേശിയായ ഹുസൈൻ എന്നയാളുടെ വീടിന്റെ മുൻ വാതിൽ അടിച്ചു തകർത്ത് മാരകമായി ആക്രമിച്ച സംഭവത്തിലും മുൻകൂട്ടാളിയായിരുന്ന കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നയാളെ വീട്ടിൽ കയറി ഭാര്യയുടേയും മക്കളുടേയും മുന്നിൽ വച്ച് മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലും പങ്കജ് പ്രതിയാണ്. കൊലപാതകശ്രമം ഉൾപ്പെടെ കരുനാഗപ്പള്ളി, ഓച്ചിറ സ്​റ്റേഷനുകളിൽ 10ലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. ആലപ്പുഴയിലെ വള്ളികുന്നം, രാമങ്കരി സ്​റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട് . ബാർ ഹോട്ടലിലെ അക്രമത്തിന് ശേഷം ഒളിവിൽ പോയ പങ്കജ് ചേർത്തല ഭാഗത്തുള്ളതായി സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്കുമാർ, അലോഷ്യസ് അലക്‌സാണ്ടർ, ജയശങ്കർ, ധന്യ, എ.എസ്.ഐമാരായ ഷാജിമോ, നന്ദകുമാർ, സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.