
കൊല്ലം: വനിതാ സംരംഭകർക്ക് ജാമ്യമില്ലാതെ 25 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയുമായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന പദ്ധതിയിൽ വ്യാവസായിക യന്ത്ര സാമഗ്രികൾ ഉപയോഗിച്ചുള്ള ഉത്പാദനത്തിനും ഐ.ടി, സേവന മേഖലയ്ക്കുമാണ് വായ്പ ലഭ്യമാകുന്നത്. നിലവിലുള്ള സംരംഭങ്ങൾ നവീകരിക്കാനും വിപുലീകരിക്കാനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ ലഭ്യമാകും. 7.5 ശതമാനം വാർഷിക പലിശ നിരക്കിൽ ലഭ്യമാക്കുന്ന വായ്പ ആറ് വർഷത്തേക്കാണ്. തിരിച്ചടക്കുന്നതിന് ആറു മാസത്തെ മൊറട്ടോറിയവും ലഭിക്കും. കെ.എസ്.ഐ.ഡി.സി ഓഫീസിൽ 22ന് മുൻപ് അപേക്ഷകൾ നൽകണം.