
 തീരുമാനം മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ
കൊല്ലം: തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തി കശുഅണ്ടി വ്യവസായം ആധുനികവത്കരിക്കാനും വൈവിദ്ധ്യവത്കരിക്കാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വ്യവസായ മന്ത്രി പി.രാജീവ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു.
പ്ലാൻ നടപ്പാക്കാനുള്ള സാമ്പത്തിക സഹായം സർക്കാർ നൽകും.. കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങളും സാദ്ധ്യതകളും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത വ്യവസായി, തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കശുഅണ്ടി കോർപ്പറേഷൻ, കാപ്പക്സ് എന്നിവയുടെ പ്രവർത്തനം വിലയിരുത്താനായി വ്യവസായ മന്ത്രി പി. രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർ പങ്കെടുത്ത അവലോകന യോഗവും ചേർന്നു. തോട്ടണ്ടിയുടെ വില വർദ്ധനവും ഇറക്കുമതി ചുങ്കവും കശുഅണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉത്പാദന ചെലവ് ഇരട്ടിയിലധികമാണ്. ആധുനികവൽക്കരണം നടപ്പാക്കാത്തതാണ് ഇതിനു പ്രധാന കാരണം. മാർക്കറ്റിംഗിലും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കാര്യത്തിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഇതെല്ലാം പരിഹരിക്കാനായിരിക്കും മാസ്റ്റർ പ്ലാനിൽ പ്രധാന പരിഗണന. പ്രൊഫഷണൽ ഏജൻസികളുടെ സഹായവും ഇതിനായി തേടും.
കശുഅണ്ടി കോർപ്പറേഷന്റെയും കാപ്പക്സിന്റെയും മേൽനോട്ട ചുമതല റിയാബിന് നൽകും. രണ്ടു സ്ഥാപനങ്ങളുടെ കീഴിലുള്ള ഫാക്ടറികളിലും ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു ദിവസം പോലും തൊഴിൽ നഷ്ടപ്പെട്ടില്ലെന്ന് ചെയർമാൻമാർ അറിയിച്ചു. കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള കശുവണ്ടി അന്താരാഷ്ട്ര കമ്പോളത്തിൽ ലഭിക്കുന്ന അവസരത്തിൽ അത് വാങ്ങാൻ ശ്രമിക്കണമെന്ന് കാഷ്യു ബോർഡിന് നിർദ്ദേശം നൽകി. സർക്കാരിന്റെ കൂടി സാന്നിദ്ധ്യത്തിലുണ്ടാക്കിയ ഒറ്റത്തവണ തീർപ്പാക്കലിലെ വ്യവസ്ഥകൾ ചില ബാങ്കുകൾ നടപ്പിലാക്കുന്നില്ലെന്ന പരാതി വ്യവസായികൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ ഇടപ്പെടാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പെക്സ് ചെയർമാൻ ശിവശങ്കരപ്പിള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.