കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലെ ലോഗ് ബുക്കിൽ അശ്ലീല വാക്ക് എഴുതിയതുമായി ബന്ധപ്പട്ട പരാതിയിൽ കൂട്ട സസ്പെൻഷൻ. കുറ്റക്കാരനും പരാതിക്കാരനും പരാതി പ്രചരിപ്പിച്ചയാൾക്കുമാണ് സസ്പെൻഷൻ.

സർവീസ് കഴിഞ്ഞ് വരുമ്പോൾ ബസിന് എന്തെങ്കിലും അപാകതകളോ തകരാറോ ഉണ്ടെങ്കിൽ ഡ്രൈവർ ലോഗ് ബുക്കിൽ എഴുതണം. ഒരാഴ്ച മുൻപ് സർവീസ് കഴിഞ്ഞെത്തിയ ഡ്രൈവർ തന്റ സീറ്റിന്റെ തകരാറും അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നാട്ടുഭാഷയിൽ ലോഗ് ബുക്കിൽ എഴുതി. അത് അശ്ലീലമായി തോന്നിയ ചാർജ്ജ്മാൻ ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരുസംഘം ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാരേജിലെ ഒരു മെക്കാനിക്ക് പരാതിക്ക് അടിസ്ഥാനമായ വാക്കെഴുതിയ ലോഗ് ബുക്ക് പേജ് വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു. അന്വേഷണത്തിൽ, പരാതിക്കാരനായ ചാർജ്ജ്മാൻ ഒരു ജീവനക്കാരിയെ കൊണ്ടാണ് അശ്ലീല വാക്ക് സഹിതം ഉദ്ധരിച്ചുള്ള പരാതി എഴുതിപ്പിച്ചതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, അശ്ലീല വാക്ക് എഴുതിയ ഡ്രൈവർ, അത് പ്രചരിപ്പിച്ച മെക്കാനിക്ക്, അശ്ലീല വാക്ക് ജീവനക്കാരിയെ കൊണ്ട് എഴുതിപ്പിച്ച ചാർജ്ജ് മാൻ എന്നിവരെ ചീഫ് ഓഫീസിൽ നിന്നു സസ്പെൻഡ് ചെയ്യുകയായിരുന്നു.