
കൊല്ലം: സർക്കാർ ഫണ്ട് വാരിക്കോരി ചെലവഴിക്കുമ്പോഴും കൊട്ടാരക്കര ഗവ.ആയുർവേദ ആശുപത്രി രോഗികളെ പിഴിയുകയാണ്. കിടത്തി ചികിത്സയ്ക്കെത്തുന്നവർ ദിവസവും ആയിരത്തോളം രൂപ ചെലവഴിക്കേണ്ട ഗതികേടിലാണ്. എണ്ണയും മരുന്നുമടക്കം മിക്കവയും പുറത്തുനിന്ന് വാങ്ങണം. നാളീകേരവും ഇഞ്ചിയും കറുവപ്പട്ടയുമടക്കം മറ്റ് ചില്ലറ സാധനങ്ങളും കൊണ്ടുവരണം. പക്ഷെ ദോഷം പറയരുത്, ആശുപത്രിയിലെ ഫോണിൽ നിന്ന് ഒന്നു വിളിച്ചാൽ സമീപത്തെ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരൻ പാഞ്ഞെത്തും. ഡോക്ടർ കുറിച്ചുകൊടുത്ത തുണ്ടു പേപ്പർ ആ കൈയിലോട്ട് വച്ചുകൊടുത്താൽ മതി,
നിമിഷങ്ങൾക്കകം ആയിരം രൂപയുടെ മരുന്നും മറ്റു സാധങ്ങളും കിടക്കയിലെത്തും.
സാധാരണക്കാരിൽ സാധാരണക്കാർ പോലും ഇങ്ങനെ പണംകൊടുത്ത് മരുന്നും മറ്റും സാധനങ്ങളും വാങ്ങേണ്ട ഗതികേടിലാണ്. കൊട്ടാരക്കര നഗരസഭയുടെ കീഴിലുള്ള ഈ ആതുരാലയത്തിനായി കെട്ടിട നിർമ്മാണത്തിനും മരുന്നുവാങ്ങാനുമടക്കം വലിയ തുക സർക്കാർ ചെലവഴിക്കുന്നുണ്ട്. എന്നിട്ടും കിടത്തി ചികിത്സയ്ക്കെത്തുന്നവരെ പിഴിയുന്നത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ്.
അശാസ്ത്രീയം
അപര്യാപ‌്തം
കൊട്ടാരക്കര, നെടുവത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. ദേശീയപാതയോരത്ത് ആയതിനാൽ മറ്റ് ഇടങ്ങളിൽ നിന്ന് പോലും ഇവിടെ രോഗികളെത്താറുണ്ട്. ദിവസവും നൂറുകണക്കിന് ഒ.പിയുള്ള ആശുപത്രിയിൽ രണ്ട് ഡോക്ടർമാരാണുള്ളത്. കിടത്തി ചികിത്സയുണ്ടായിട്ടും സന്ധ്യ മയങ്ങിയാൽ ഒരു ജീവനക്കാരി മാത്രമാണ് ഇവിടെയുള്ളത്. ഡോക്ടറും നഴ്സുമൊന്നും കാണാറില്ല. പകൽ കിഴിയും മറ്റും നടത്തുവർക്ക് രാത്രിയിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ രാവിലെ ഡോക്ടറെത്തുംവരെ സഹിക്കുകയേ നിവൃത്തിയുള്ളൂ. അടിയന്തര ഘട്ടമുണ്ടായാലും പകരം സംവിധാനമില്ലാതെ വിഷമിക്കുകയാണ്.
അറുപത് വർഷത്തിലധികം പഴക്കമുണ്ട് പ്രധാന കെട്ടിടത്തിന്. ഭാരതീയ ചികിത്സാ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഒ.പി ബ്ളോക്ക് 2019 ഡിസംബർ 24ന് ഉദ്ഘാടനം ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ വികസനം. 1.47 ഏക്കർ ഭൂമിയുള്ള ആശുപത്രിക്ക് അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനം കാരണം അസൗകര്യങ്ങളാണ് ഏറെയും.
ബഡ്‌ജറ്റ് തന്നെ പ്രതീക്ഷ!
ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇടപെടുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. 30 കിടക്കകളുള്ള ആശുപത്രിയാക്കി ഉയർത്തുമെന്നായിരുന്നു വാഗ്ദാനം. ലാബും എക്സ് റേ യൂണിറ്റുമടക്കമുള്ളവ അനുവദിക്കണമെന്നും ആവശ്യമുയർന്നിരുന്നു. വരുന്ന ബഡ്ജറ്റിൽ ആശുപത്രിക്ക് വേണ്ടിയുള്ള പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.