
പത്തനാപുരം: അരക്കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പണിയെല്ലാം പൂർത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി തന്നെ നടത്തണമെന്ന് സി.പി.ഐയും അതല്ല, എം.എൽ.എ നടത്തിയാൽ മതിയെന്ന് മറ്റൊരു വിഭാഗവും വാശിപിടിച്ചതോടെയാണ് വില്ലേജ് ഓഫീസ് നോക്കുകുത്തിയായത്.
പിറവന്തൂർ പഞ്ചായത്തിലെ മലയോര മേഖലയിലെ പുന്നല സ്മാർട്ട് വില്ലേജ് ഓഫീസാണ് പണിപൂർത്തിയായിട്ടും ഉദ്ഘാടകനെ കാത്തുകിടക്കുന്നത്.
ഓഫീസ് റൂം, ഹാൾ, വരാന്ത, റിക്കാഡ്സ് റൂം, ഡൈനിംഗ് റൂം എന്നിവയടക്കം ആധുനിക സജ്ജീകരണങ്ങളൊടെ നിർമ്മിച്ച കെട്ടിടമാണിത്. നിലവിലെ വില്ലേജ് ഓഫീസിലെത്താൻ പുന്നല ജംഗ്ഷനിൽ വാഹനമിറങ്ങി ഒരു കിലോമീറ്ററോളം നടക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഓട്ടോറിക്ഷയ്ക്ക് 30 രൂപ കൊടുക്കണം. സ്ഥലപരിമിതി കാരണം ഉദ്യോഗസ്ഥരും നാട്ടുകാരും വലഞ്ഞതോടെയാണ് റവന്യു വകുപ്പ് 48 ലക്ഷം രൂപ വിനിയോഗിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്.
..............................................................................................................................
ഉദ്ഘാടനത്തെ സംബന്ധിച്ച തർക്കം അടിയന്തരമായി പരിഹരിച്ച് വില്ലേജ് ഓഫീസ് തുറന്നുകൊടുക്കാത്ത പക്ഷം ജനകീയ ഉദ്ഘാടനം നടത്തേണ്ടി വരും.
പുന്നല ഉല്ലാസ് കുമാർ,
ഗ്രാമ പഞ്ചായത്തംഗം, പുന്നല