guru

കൊ​ല്ലം: മുംബയ് സർവകലാശാലയിൽ ശ്രീനാരായണ ദർശന പഠനത്തിന് തുടക്കമായി. ഗുരുദേവ ദർശനം അടിസ്ഥാനമാക്കിയുള്ള മൂല്യവർദ്ധിത കോഴ്സാണ് ആരംഭിച്ചത്. അദ്ധ്യയന വർഷം പകുതി പിന്നിട്ടതിനാൽ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. അടുത്ത വർഷം മുതൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും പിന്നീട് അഡ്വാൻസ് ഡിപ്ലോമ എം.ഫിൽ കോഴ്സുകളും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കോഴ്സ് നടത്താൻ ഡൽ​ഹി ആ​സ്ഥാ​ന​മാ​യ ദി യൂ​ണി​വേ​ഴ്‌​സൽ കോൺ​ഫെ​ഡ​റേ​ഷൻ ഒ​ഫ് ശ്രീ​നാ​രാ​യ​ണ​ഗു​രു ഓർ​ഗ​നൈ​സേ​ഷൻ​സ് (എ​സ്.എൻ.ജി.സി) ഒരു കോടി രൂപ സമാഹരിച്ച് കോർപ്പസ് ഫണ്ടായി സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. ഈ തുകയുടെ പലിശ ഉപയോഗിച്ചാണ് കോഴ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്.

എസ്.എൻ.ജി.സിയാണ് ശ്രീനാരായണ ദർശനം പഠനവിഷയമാക്കണമെന്ന ആവശ്യവുമായി സർവകലാശാലയെ സമീപിച്ചത്. തുടർന്ന് സർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​ലോ​സ​ഫി വി​ഭാ​ഗം ബോർ​ഡ് ഒ​ഫ് സ്റ്റ​ഡീ​സ് അഫിലിയേറ്റഡ് കോ​ളേ​ജു​ക​ളി​ലെ ച​രി​ത്ര, ത​ത്വ​ശാ​സ്​ത്ര വി​ഭാ​ഗം അ​ദ്ധ്യാ​പ​ക​രു​മാ​യി ചർ​ച്ച​യും സാ​ദ്ധ്യ​താ പഠ​ന​വും ന​ട​ത്തി​. ഇതിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയുടെ മാനേജ്മെന്റ് കൗൺസിൽ യോഗം കോഴ്സ് ആരംഭിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഓൺലൈൻനായി ചേർന്ന യോഗത്തിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ കോഴ്സ് ഉദ്ഘാടനം ചെയ്തു. സർവകലാശാല വൈസ് ചാൻസലർ സുഹാസ് പണ്ടേക്കർ അദ്ധ്യക്ഷത വഹിച്ചു. വർക്കല നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, മുംബയ് യൂണിവേഴ്സിറ്റി പി.വി.സി രവീന്ദ്ര കുൽക്കർണി, എസ്.എൻ.ജി.സി പ്രസിഡന്റ് വി.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.