
കൊല്ലം: അമൃത് പദ്ധതിയിലൂടെ ഗാർഹിക കണക്ഷൻ ലഭിച്ച മേഖലകളിൽ ആവശ്യമില്ലാതായ പൊതുടാപ്പുകൾ, കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് വിച്ഛേദിക്കും. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് കൗൺസിലർമാർക്ക് നിർദ്ദേശം നൽകി. നാലായിരത്തോളം പൊതുടാപ്പുകളാണ് നഗരത്തിലുള്ളത്.
അമൃത് പദ്ധതി പ്രകാരം നഗരത്തിൽ 15,000 ഗാർഹിക കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ഇതോടെ ആകെയെണ്ണം 54,000 ആയി. കൂടുതൽ ഗാർഹിക കണക്ഷനുകളുള്ളതും കാര്യമായ കുടിവെള്ള ക്ഷാമം ഇല്ലാത്തതുമായ മേഖലയിലെ പൊതുടാപ്പുകൾ വിച്ഛേദിക്കാനാണ് ആലോചന. ഇതിൽ പലതും നിലവിൽ ഉപയോഗശൂന്യമാണ്.
ടൗൺഹാളിന്റെ നവീകരണത്തിന് വേണ്ടി ഇടയ്ക്കിടെ പണം ചെലവാക്കുന്നതിലൂടെ നഗരസഭയുടെ ഖജനാവ് വൻതോതിൽ ചോരുകയാണെന്ന് കോൺഗ്രസ് കൗൺസിലർ അഭിലാഷ് കുരുവിള പറഞ്ഞു. ഇതിന് മറുപടിയായി ടൗൺഹാളിന്റെ നവീകരണത്തിന് പത്ത് വർഷം മുന്നിൽകണ്ടുള്ള രൂപരേഖ തയ്യാറാക്കാൻ മേയർ മരാമത്ത് സ്ഥിരം സമിതിക്ക് നിർദ്ദേശം നൽകി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം ബസ് ടെർമിനൽ എന്ന വർഷങ്ങൾ പഴക്കമുള്ള പദ്ധതി നടപ്പാകാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ബി.ജെ.പി കൗൺസിലർ ഗിരീഷ് ആവശ്യപ്പെട്ടു. ഇതിനായി റെയിൽവേയ്ക്ക് കൈമാറാൻ ഏറ്റെടുത്ത ഭൂമിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തിയിൽ നിന്നു തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുമോയെന്നും ഗിരീഷ് ചോദിച്ചു. സ്വകാര്യ വ്യക്തി വിട്ടുനൽകിയ ഈ ഭൂമി ആ സമയത്തെ നഗരസഭ അധികൃതർ പോക്കുവരവ് നടത്താതിരുന്നതിനാലാണ് നഷ്ടമായതെന്ന് മുൻ മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. നഗരസഭയുടെ ഭൂമി മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും സ്വകാര്യ വ്യക്തികളുടെ ഭൂമി അന്യായമായി പിടിച്ചെടുക്കാൻ ശ്രമിക്കില്ലെന്നും മേയർ മറുപടി നൽകി.
സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ജയൻ, യു. പവിത്ര, എ.കെ. സവാദ്, കൗൺസിലർമാരായ സജീവ് സോമൻ, നിസാമുദ്ദീൻ, രാജു നീലകണ്ഠൻ, ടോമി, പുഷ്പൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
ലോറിത്താവളത്തിന് പകരം സ്ഥലം
മൊബിലിറ്റി ഹബ്ബ് ലക്ഷ്യമിടുന്ന എഫ്.സി.ഐ ഗോഡൗണിന് സമീപത്തെ ലോറിത്താവളത്തിന് പകരം സ്ഥലം കണ്ടെത്താൻ തീരുമാനിച്ചു. ഈ പദ്ധതിക്ക് ആവശ്യമായ 30 കോടി എങ്ങനെ കണ്ടെത്തുമെന്ന് കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് ചോദിച്ചു. പദ്ധതിക്കായി അമൃത് ഫണ്ട് വകമാറ്റാനുള്ള നീക്കമുണ്ടെന്ന് ബി.ജെ.പി കൗൺസിലർ ഗിരീഷ് ആരോപിച്ചു. ബാങ്കിൽ നിന്നു വായ്പയെടുത്താണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. അമൃത് ഫണ്ട് വകമാറ്റില്ലെന്ന് ഡെപ്യൂട്ടി മേയറും വ്യക്തമാക്കി.