 
പടിഞ്ഞാറേകല്ലട : പഞ്ചായത്തിലെ കോതപുരം ലക്ഷംവീട് കോളനിക്ക് മുന്നിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി. കഴിഞ്ഞദിവസം റോഡ് ടാർ ചെയ്തു.
കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടത്തിയ കാരാളിമുക്ക് വളഞ്ഞവരമ്പ്
കടപുഴ റോഡിൽ കോതപുരം ലക്ഷംവീട് കോളനിക്ക് മുന്നിലെ റോഡിൽ അപകടം പതിവായിരുന്നു. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായി
ഏതാനും മാസം മുമ്പ് റോഡിന്റെ ഉയരം കുറയ്ക്കുകയും ആ ഭാഗം മിറ്റലിട്ട് ക്രമപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ,നിരന്തരമായ വാഹനഗതാഗതം കാരണം മിറ്റൽ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്തു. വാഹനങ്ങളുടെ ടയർ കയറി മിറ്റിൽ തെറിച്ച് കാൽനടക്കാർക്ക് പരിക്കേൽക്കുന്നതും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങലുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരേ വരുന്ന വാഹനങ്ങളിൽ കൂട്ടിയിടിക്കുന്നതും പതിവായി. ഇക്കാര്യങ്ങൾ കേരളകൗമുദി റിപ്പോർട്ടുചെയ്തിരുന്നു. നാട്ടുകാരുടെ പരാതികൂടിയായതൊടെ കഴിഞ്ഞദിവസം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി. ഇതോടെ നെടുനാളായി നാട്ടുകാർ അനുഭവിച്ചു വന്ന ദുരിതത്തിന് പരിഹാരമായി.
പോസ്റ്റിന്റെ കാര്യത്തിലും
തീരുമാനം വേണം
എന്നാൽ, വൈദ്യുത പോസ്റ്റ് ഇപ്പോഴും അപകടാവസ്ഥയിൽ തുടരുകയാണ്. റോഡിന്റെ കുത്തനെയുള്ള ഉയരം കുറച്ചപ്പോൾ വശത്തുണ്ടായിരുന്ന കെ.വി ലൈൻ ഉൾപ്പെടുന്ന വൈദ്യുത പോസ്റ്റിന്റെ മൂന്ന് വശത്തേയും മണ്ണ് നീക്കം ചെയ്തു. ഇതോടെ പോസ്റ്റ് അപകടാവസ്ഥയിലായി. എന്നാൽ ഇതുവരെ അത് മാറ്റി സ്ഥാപിച്ചിട്ടില്ല. നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി നിലനിൽക്കുന്ന വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം തുടരുകയാണ്.