 
 രണ്ടു കോടതികൾ ഉൾപ്പെടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം
കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിനായി കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ എട്ടു സെന്റ് വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ, പുതിയ ഇടം കണ്ടെത്താൻ നെട്ടോട്ടമോടുന്നത് രണ്ടു കോടതികൾ ഉൾപ്പെടെ എട്ടു വിഭാഗങ്ങൾ. നിലവിലെ സാഹചര്യത്തിൽ നഗരത്തിൽ പുതിയ ഓഫീസ് കെട്ടിടങ്ങൾ കണ്ടെത്തുക ശ്രമകരമാണെന്നതും ഉൾപ്രദേശങ്ങളിലേക്ക് സ്ഥാപനം മാറ്റിയാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാവുമെന്നതും ഓഫീസ് മേധാവികളെ വലയ്ക്കുകയാണ്.
കരുനാഗപ്പള്ളി താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, റീ സർവേ ഓഫീസ്, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി, ജോയിന്റ് ആർ.ടി.ഓഫീസ്, കയർ ഇൻസ്പെക്ടർ ഓഫീസ്, ജി.എസ്.ടി എന്നീ വിഭാഗങ്ങളാണ് പുതിയ ലാവണങ്ങൾ തേടുന്നത്. സ്ഥലത്തോടൊപ്പം സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളും നഷ്ടപ്പെടുമെന്നതിനാൽ ഓഫീസുകൾ മാറ്റാതെ രക്ഷയില്ല. ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത എല്ലാ ഓഫീസുകളും 60 ദിവസത്തിനുള്ളിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിൽ നിന്നു ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. അതത് വകുപ്പ് മേധാവികൾ ഓഫീസുകൾക്കുള്ള സ്ഥലസൗകര്യം കണ്ടെത്തണമെന്നാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. നിലവിൽ മാറേണ്ട വകുപ്പുകളെല്ലാം ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവയാണ്. മിനി സിവിൽ സ്റ്റേഷനിൽ ഒരു ഓഫീസ് പോലും പുതുതായി ആരംഭിക്കാനുള്ള കെട്ടിട സൗകര്യങ്ങളില്ല. ഇപ്പോൾത്തന്നെ പല വകുപ്പുകളും വിവിധ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, സർക്കാരിന്റെ അധീനതയിലുള്ള കെട്ടിടങ്ങൾ വെറുതേ കിടക്കുന്നുമുണ്ട്.
 നാല്പതാണ്ട് പഴക്കം
നാലു പതിറ്റാണ്ടു മുമ്പാണ് കരുനാഗപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ 26 വകുപ്പുകളാണ് പ്രവർത്തിക്കുനത്. 600 ഓളം ജീവനക്കാരുണ്ട്. താലൂക്കിന്റെ ഏത് ഭാഗത്തുള്ളവർക്കും വേഗം എത്തിച്ചേരാവുന്ന സ്ഥലത്താണ് കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ.
 കാണുന്നില്ല, കെ.ഐ.പി കെട്ടിടങ്ങൾ
പടനായർകുളങ്ങര വടക്ക് കേരള ഇറിഗേഷൻ പ്രോജക്ട് കെട്ടിടങ്ങളും ഒരേക്കറോളം വരുന്ന ഭൂമിയും വർഷങ്ങളായി വെറുതെ കിടക്കുകയാണ്. സർക്കാർ മുൻകൈ എടുത്താൽ പല ഓഫീസുകളും ഇവിടേക്ക് മാറ്റാനാവും. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സ്ഥലവും കെട്ടിടങ്ങളും വിട്ടുൽകാതിരിക്കുന്നത്.നിലവിലുള്ള ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റുമ്പോൾ ഷിഫ്റ്റിംഗ് ചാർജ്ജ് ദേശീയപാത അതോറിട്ടി നൽകും. ഓഫീസ് മാറുന്ന വിവരം മുൻകൂട്ടി ഇവരെ അറിയിക്കേണ്ടതുണ്ട്.