
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്കിൽ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ പരിശോധന കൂടുതൽ ശക്തമാക്കി. പൊലീസ്, റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സ്‌ക്വാഡാണ് പരിശേധന ശക്തമാക്കിയത്. ജംഗ്ഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ബാറുകൾ, ബീച്ചുകൾ, തീയറ്ററുകൾ, ആഡിറ്റോറിയങ്ങൾ, മാളുകൾ തുടങ്ങി ആൾക്കൂട്ടത്തിന് സാദ്ധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയാൽ ശക്തമായ നിയമ നടപടി സ്വീകരിക്കും. ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവിടങ്ങളിൽ സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി ആൾക്കൂട്ടം ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 500 ഓളം കുട്ടികൾക്ക് കഴിഞ്ഞ ദിവസം വാക്സിൻ നൽകി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ സ്കൂളുകളിൽ വാക്സിനേഷൻ സെന്ററുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.