 
 സാങ്കേതിക വിഷയത്തിൽ കുടുങ്ങി പഞ്ചായത്ത്
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറ മണ്ണാങ്കുടിയിൽ റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായി 6.82 ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനം സാങ്കേതിക കാരണങ്ങളേത്തുടർന്ന് പഞ്ചായത്തിന് പാലിക്കാനാകാത്തതിനാൽ അനിശ്ചിതത്വം തുടരുന്നു. ചെലവാകുന്ന ആകെ തുകയുടെ രണ്ടു ശതമാനമാണിത്.
കഴിഞ്ഞ മാസമാണ് പഞ്ചായത്ത് അധികൃതർ തുകയുടെ കാര്യത്തിൽ ഉറപ്പു നൽകിയത്. മേൽപ്പാല നിർമ്മാണത്തിന്റെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാനുള്ള തുകയാണിത്. വിളക്കുടി ഗ്രാമപഞ്ചായത്ത് സമിതി തുക കൈമാറാൻ കൂട്ടായി തീരുമാനിച്ചെങ്കിലും ചില സാങ്കതിക വിഷയങ്ങൾ വിനയാവുകയായിരുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ഗ്രാമപഞ്ചായത്തിന് തുക കൈമാറാനാവൂ എന്നതാണ് പ്രധാന കാരണം. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങളടങ്ങിയ കത്ത് കെ.ബി.ഗണേശ് കുമാർ എം.എൽ.എ മുഖേന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നാൽ ആഴ്ചകളായിട്ടും സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ല.
 ആറിയ കഞ്ഞി പഴങ്കഞ്ഞി!
മേൽപ്പാല നിർമ്മാണത്തിനുള്ള ഫണ്ട് കൈമാറ്റം വൈകുന്തോറും പദ്ധതി മുടങ്ങാനുള്ള സാദ്ധ്യതയും കൂടുകയാണ്. കഴിഞ്ഞ വർഷം സെപ്തംബറിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിനെ തുടർന്ന് റെയിൽവേ മധുര ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയതോടെയാണ് മണ്ണാങ്കുഴി മേൽപ്പാലത്തിന് വഴിതെളിഞ്ഞത്. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകിയാൽ, മേൽപ്പാലം നിർമ്മിച്ച് നൽകാമെന്ന് റെയിവേ അധികൃതർ അറിയിച്ചിരുന്നു. 3.25 കോടിയുടെ പ്രാഥമിക രൂപരേഖ റെയിൽവേ തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് നൽകി. കഴിഞ്ഞ ദിവസം പദ്ധതിയുടെ സ്ഥാനരേഖയും കൈമാറി. എന്നിട്ടും മെല്ലെപ്പോക്കിലാണ് കാര്യങ്ങൾ.
............................
 മേൽപ്പാലത്തിന് പ്രതീക്ഷിക്കുന്ന ചെലവ്: 3.25 കോടി
 വിളക്കുടി ഗ്രാമപഞ്ചായത്ത് നൽകേണ്ടത്: 6.82 ലക്ഷം
...................................
ഞങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് മാണ്ണാങ്കുഴിയിൽ ഒരു റെയിൽവേ മേൽപ്പാലം വേണമെന്നത്. വിളക്കുടി ഗ്രാമപഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നതാണ് ഇതുവഴി കടന്നു പോകുന്ന കൊല്ലം-ചെങ്കോട്ട റെയിൽപ്പാത. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്താൻ പത്ത് കിലോമീറ്റർ ചുറ്റിക്കറങ്ങണം. മേൽപ്പാലം വരുന്നതോടെ ഇത് പകുതിയാവും
കാര്യറ നിവാസികൾ