road
കൊട്ടാരക്കര മൈലം കാരൂർക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം പി.ഐഷാപോറ്റി നിർവഹിക്കുന്നു

കൊട്ടാരക്കര: മൈലം കാരൂർകടവിൽ പുതിയ പാലം നിർമ്മാണത്തിന് തുടക്കമായി. പുലമൺ തോടിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 40.65 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. കടവിലുണ്ടായിരുന്ന താത്കാലിക നടപ്പാലം പ്രളയത്തിൽ ഒഴുകിപ്പോയിരുന്നു. ഗ്രാമത്തിന് തീർത്തും യാത്രാദുരിതം ആയതോടെ ജില്ലാ പഞ്ചായത്തിൽ നിന്ന് പാലം നിർമ്മാണത്തിനായി തുക അനുവദിച്ചിരുന്നതാണ്. അഞ്ചുമീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമ്മാണത്തിന് കൊടിക്കുന്നിൽ സുരേഷ് എം.പിയും തുക അനുവദിച്ചു. എന്നാൽ, അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാവുകയും കൊവിഡ് പ്രതിസന്ധിയും കാരണം നിർമ്മാണം നടന്നതുമില്ല, ഫണ്ട് നഷ്ടപ്പെടുകയും ചെയ്തു. നാട്ടുകാരുടെ നിരന്തര ആവശ്യങ്ങളെത്തുടർന്നാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്.

നിർമ്മാണ ഉദ്ഘാടനം

മന്ത്രി കെ.എൻ.ബാലഗോപാലിന് കൊവിഡ് ബാധിച്ചതോടെ മുൻ എം.എൽ.എ പി.ഐഷാപോറ്റി പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.മിനി, ബ്ളോക്ക് പഞ്ചായത്തംഗം ദിവ്യ ചന്ദ്രശേഖർ, സി.പ്രസന്നകുമാർ, എസ്.ശ്രീകല, ഓമന രവീന്ദ്രൻ, പി.കെ.ജോൺസൺ, ലൗലി എം.നായർ എന്നിവർ സംസാരിച്ചു.