ഇരവിപുരം: സംസ്ഥാന ഹൈവേയിൽ അയത്തിൽ മുതൽ ചെമ്മാം മുക്ക് വരെ റോഡ് അടച്ചിട്ട് ഇരുപതു ദിവസം പിന്നിട്ടെങ്കിലും കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത് ഒച്ചിഴയുന്ന പോലെ. ഇരുചക്രവാഹനങ്ങളെപ്പോലും കടത്തിവിടാതെയാണ് നിർമ്മാണ പ്രവർത്തനങ്ങളെങ്കിലും ഇത്ര ദിവസമായിട്ടും ഒരു കിലോമീറ്റർ ദൂരം പോലും പൈപ്പിടൽ നടന്നില്ല.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തുള്ള വീടുകളിൽ നിന്ന് റോഡിലേക്കിറങ്ങാൻതന്നെ ബുദ്ധിമുട്ടാണ്. അയത്തിൽ മുതൽ പുളിയത്തുമുക്ക് വരെ മാത്രമേ ഇതുവരെ പൈപ്പിടൽ ജോലികൾ നടന്നിട്ടുള്ളു. രണ്ടു മാസത്തേക്കാണ് റോഡ് അടച്ചതെങ്കിലും പൈപ്പിട്ട ഭാഗത്ത് റോഡ് താത്കാലികമായെങ്കിലും തുറന്നുകൊടുക്കണമെന്ന് പരിസരവാസികൾ ആശ്വപ്പെടുന്നു. കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത രീതിയിൽ ജോലികൾ നടക്കുന്നതിനാൽ പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അയത്തിൽ നിസാം ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി എത്രയും പെട്ടെന്ന് റോഡ് തുറന്നുകൊടുക്കാൻ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഞാങ്കടവ് കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് റോഡ് അടച്ച് പൈപ്പുകൾ സ്ഥാപിക്കുന്നത്.