irel
റിമോട്ട് ഹെൽത്ത് മോണിട്ടർ ഉപകരണങ്ങൾ ജില്ലാ കളക്ടർ അഫ്സാന പർവീണിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹന് ഐ.ആർ.ഇ.എൽ അധികൃതർ കൈമാറുന്നു

ചവറ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ചവറ ഐ.ആർ.ഇ.എല്ലിന്റെ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി 25 റിമോട്ട് ഹെൽത്ത് മോണിട്ടർ ഉപകരണങ്ങൾ ജില്ലാ കളക്ടർ അഫ്സാന പർവീണിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹന് ഐ.ആർ.ഇ.എൽ അധികൃതർ കൈമാറി.

കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഈ ഉപകരണം ധരിക്കുന്നതുവഴി അവരുടെ ശരീരതാപം, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹൃദയമിടിപ്പ് നിരക്ക് തുടങ്ങിയവ ഡോക്ടറുടെ മൊബൈൽ ഫോണിലോ ആശുപത്രിയിലെ ഡിജിറ്റൽ സംവിധാനങ്ങളിലോ സമയാസമയം എത്തിക്കുന്നതാണ് ഉപകരണം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇ.സി.ഐ.എല്ലാണ് റിമോട്ട് ഹെൽത്ത് മോണിട്ടർ വികസിപ്പിച്ചെടുത്തത്. രോഗികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി അവരുടെ ആരോഗ്യനില നിരീക്ഷിക്കാൻ ഈ ഉപകരണത്തിന്റെ സഹായത്തോടെ സാദ്ധ്യമാകും. ജില്ലാ ആശുപത്രിയിൽ ഉപകരണം വഴിയുള്ള നിരീക്ഷണം നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. മണികണ്ഠൻ, ഡോ. സന്ധ്യ, മാസ് മീഡിയ ഓഫീസർ ദിലീപ്, ഐ.ആർ.ഇ.എൽ ചീഫ് മാനേജർ ഭക്തദർശൻ, ഡെപ്യൂട്ടി മാനേജർ അജികുമാർ എന്നിവർ പങ്കെടുത്തു.