
കൊട്ടാരക്കര : ഭക്ഷണാവശിഷ്ടങ്ങളും പാഴ്‌വസ്‌തുക്കളും പൊതുവഴിയിൽ വലിച്ചെറിയുന്നത് പരിസരവാസികളെ ദുരിതത്തിലാക്കുന്നു. പുത്തൂർ ചെറുമങ്ങാട് ആലയ്ക്കൽഫാക്ടറി ജംഗ്ഷനിൽ നിന്ന് എസ്.എൻ പുരത്തേയ്ക്ക് പോകുന്ന റോഡിന് ഇരുവശത്തുമാണ് ഭക്ഷണാവശിഷ്ടങ്ങൾ പ്ളാറ്റിക് കവറിലും കടലാസുകളിലും പൊതിഞ്ഞ് വലിച്ചെറിയുന്നത്. ഇതുകാരണം തെരുവ് നായ് ശല്യം രൂക്ഷമായിരിക്കുകയാണ്. നേരം ഇരുട്ടുമ്പോൾ തന്നെ പലഭാഗങ്ങളിൽ നിന്നായി പത്തും ഇരുപതും നായ്ക്കൾ കൂട്ടത്തോടെ റോഡിലേയ്ക്ക് ഇറങ്ങും. തുടർന്ന്
കാൽനടക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ആക്രമിക്കും. ഈ അക്രമം ഭയന്ന് പലരും ഇതുവഴിയുള്ള യാത്ര പോലും വേണ്ടെന്നുവച്ച സ്ഥിതിയാണ്.
ഒട്ടുമിക്ക ദിവസങ്ങളിലും ഇരുചക്രവാഹന യാത്രക്കാർക്കുനേരെ തെരുവുനായ്ക്കൾ ചാടിവീഴാറുണ്ട്. ഭയന്ന് ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയവരും നിരവധിയാണ്.
ഭക്ഷണാവശിഷ്ടങ്ങൾ സ്ഥിരമായി പൊതുവഴിയിൽ വലിച്ചെറിയുന്നതാണ് തെരുവുനായ്ക്കൾ റോഡിൽ തമ്പടിക്കാൻ കാരണം.
ഇത്തരത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ പൊതുവഴിയിൽ വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പും പൊലീസും തയ്യാറാകണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. തഹസിൽദാർക്കും ജനപ്രതിനിധികൾക്കും ഇതു സംബന്ധിച്ച് നിവേദനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികൾ.