photo
കന്നേറ്റി പാലം.

 കോൺ‌ക്രീറ്റ് ഇളകുന്നതിൽ ആശങ്ക

 പാലത്തിന് അറുപതാണ്ട് പഴക്കം

കരുനാഗപ്പള്ളി: പുറമേ നോക്കുമ്പോൾ കുഴപ്പമില്ലെങ്കിലും കോൺക്രീറ്റ് അടരുന്നതിനാൽ കന്നേറ്റി പാലത്തിന് പഴയ കരുത്തുണ്ടോ എന്ന് നാട്ടുകാർക്കിടയിൽ ആശങ്ക. ശാസ്ത്രീയമായ വിലയിരുത്തൽ വേണമെന്നാണ് നാടിന്റെ ആവശ്യം.

ആറ് പതിറ്റാണ്ടു പഴക്കമുണ്ട് പാലത്തിന്. കരുനാഗപ്പള്ളി താലൂക്കിന്റെ പരിധയിൽ വരുന്ന കരുനാഗപ്പള്ളി, ചവറ അസംബ്ളി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് പള്ളിക്കലാറ്റിലാണ് പാലം നിർമ്മിച്ചത്. വെള്ളത്തിൽ 3 സ്പാനുകളും ഇരുവശങ്ങളിലായി രണ്ട് സ്പാനുകളുമുണ്ട്. വശങ്ങളിലുള്ള സ്പാനുകൾക്ക് വെള്ളവുമായി ബന്ധമില്ല. ഈ രണ്ട് സ്പാനുകളും കരിങ്കൽ കൊണ്ട് മൂടിക്കെട്ടിയിരിക്കുകയാണ്. 3 സ്പാനുകൾ പൂർണ്ണമായും വെള്ളത്തിലാണ്. ജലഗതാഗതത്തിനു കൂടി പ്രാധാന്യമുണ്ടായിരുന്ന കാലത്താണ് പാലം നിർമ്മിച്ചത്. അന്ന് ഇത്രയധികം വാഹനങ്ങൾ ഇല്ലായിരുന്നു. ദേശീയപാത കടന്നുപോകുന്നതിനാൽ കൂറ്റൻ കണ്ടെയ്നറുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് പ്രതിദിനം പാലത്തിൽ പ്രവേശിക്കുന്നത്.

അര നൂറ്രാണ്ടിനിടെ പാലത്തിൽ കാര്യമായ അറ്റകുറ്രപ്പണികളൊന്നും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൈവരികളിൽ ചായം പൂശിയിട്ടുതന്നെ വഷങ്ങളായി. പാലത്തിനു കിഴക്ക് വശത്തുള്ള സ്ലാബിന്റെ അടിയിൽ നിന്നു ഒരു മാസം മുമ്പ് മണ്ണ് ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇവിടം വീണ്ടും കല്ലിട്ട് നികത്തിയിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും മണ്ണ് ഒലിച്ച് പോകാമെന്ന അവസ്ഥയാണ്.

 വെള്ളത്തിലെ സ്പാനുകളിൽ ആശങ്ക

വെള്ളത്തിൽ നിൽക്കുന്ന സ്പാനുകളുടെ കാര്യത്തിലാണ് ആശങ്കയേറെ. സ്പാനുകളുടെ അടിയിൽ നിന്നും കോൺക്രീറ്റ് ഇളകി മാറിയിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വർഷങ്ങളായി നടക്കുന്ന പ്രക്രിയയാണിത്. എത്രത്തോളം കോൺക്രീറ്റ് ഇളകിമാറിയിട്ടുണ്ടെന്ന് അറിയണമെങ്കിൽ ശാസ്ത്രീയപഠനം ആവശ്യമാണ്.