 
പടിഞ്ഞാറേകല്ലട : പഞ്ചായത്തിലെ കോതപുരം വെട്ടിയ തോടിലെ പുതിയ പാലത്തിന്റെ നിർമ്മാണജോലികൾ പുനരാരംഭിച്ചു. നവംബർ 12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തശേഷം ഏതാനും ദിവസം മാത്രമേ ഇവിടെ ജോലികൾ നടന്നിരുന്നുള്ളൂ. നിർമ്മാണത്തിനാവശ്യമായ ഇരുമ്പ് കമ്പികൾ ചെന്നൈയിൽ നിന്ന് എത്തിച്ചേരാനെടുത്ത കാലതാമസമാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് കരാറുകാർ പറയുന്നത്. പാലത്തിന് 3.27കോടി രൂപയും
സമാന്തര റോഡിന് 2.16കോടിയുമാണ് സർക്കാരിൽ അനുവദിച്ചിട്ടുള്ളത്. 24മീറ്റർ നീളത്തിൽ 10.5മീറ്റർ വീതിയിൽ ഇരുകരകളിലുമായി ഒമ്പത് തൂണുകളിലും 12 മീറ്ററിന്റെ രണ്ട് സ്പാനുകളുമാണ് പാലത്തിലുള്ളത്. തൂണുകളുടെ പൈലിംഗ് ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ഏകദേശം മൂന്നു മാസം വേണ്ടിവരും ഇവ പൂർത്തിയാകാൻ. എന്നാൽ, നിർമ്മാണസ്ഥലത്തെ കുടിവെള്ള പൈപ്പ് ലൈനുകളും വൈദ്യുത കമ്പികളും ഇതേവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. കരാറുകാരൻ പണമടയ്ക്കുന്ന മുറയ്ക്ക് അവ മാറ്റി സ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്. വലിയത്ത് കൺസ്ട്രക്ഷൻ എന്ന കമ്പനിക്കാണ് നിർമ്മാണ ചുമതല. 18 മാസമാണ് കരാർ കാലാവധി.
പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നവംബർ 12ന് കഴിഞ്ഞെങ്കിലും പാലത്തിന്റെ സമാന്തര റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഇന്നേവരെ ഉടമകൾക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഭൂ ഉടമകൾക്ക് വലിയ പ്രതിഷേധമുണ്ട്.
നഷ്ടപരിഹാരത്തുക കൈമാറും
സമാന്തര റോഡിനായുള്ള ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. സർക്കാരിൽ നിന്ന് ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക അനുവദിച്ചു കിട്ടിയിട്ടുണ്ട്. പതിനഞ്ച് ഉടമകളുടെ പ്രമാണങ്ങൾ സാധുതാ പരിശോധനയ്ക്കായി ഗവൺമെൻറ് പ്ലീഡർക്ക് കൈമാറിയിട്ടുണ്ട്. അതു കഴിഞ്ഞാലുടൻ ഭൂമി റവന്യുവകുപ്പിന് കൈമാറണം. അതിനുശേഷം നഷ്ടപരിഹാരത്തുക കൈമാറും.
പി.ആർ.ആഷ,
തഹസിൽദാർ (എൽ.എ (1) വിഭാഗം), കൊല്ലം