
കൊല്ലം: ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനിക്ക് കൊവിഡ് ബാധിച്ചതോടെ സഹപാഠികൾ വീട്ടിലേയ്ക്ക് മടങ്ങണമെന്ന് ഹോസ്റ്റൽ അധികൃതർ. എന്നാൽ മുടങ്ങാതെ ക്ളാസിലെത്തണമെന്നാണ് കോളേജ് അധികൃതരുടെ വിചിത്രവാദം.
ജില്ലയിലെ പ്രമുഖ സ്വകാര്യ പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥിനികളെയാണ് ഹോസ്റ്റൽ, കോളേജ് മാനേജ്‌മെന്റുകൾ വെട്ടിലാക്കിയത്.
ഹോസ്റ്റലിൽ താമസിക്കുന്നവരിൽ അധികവും അന്യജില്ലകളിൽ നിന്നുള്ളവരാണ്. ഹോസ്റ്റൽ മുറികളിൽ നാല് മുതൽ ആറുവരെ വിദ്യാർത്ഥിനികളാണ് കഴിയുന്നത്. ഇന്നലെ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ളവർക്ക് ലക്ഷണം ഇല്ലെങ്കിലും നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരുന്നു.
എന്നാൽ വീടുകളിലേക്ക് മടങ്ങാനാണ് ഹോസ്റ്റൽ അധികൃതർ നിർദ്ദേശിച്ചത്. വീടുകളിലേയ്ക്ക് മടങ്ങുകയാണെന്ന് കോളേജിൽ അറിയിച്ചപ്പോൾ ക്‌ളാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും ഓൺലൈൻ ക്ളാസുകൾ നിലവിൽ ലഭ്യമല്ലെന്നും അറിയിക്കുകയായിരുന്നു.