കൊട്ടാരക്കര : വേനലിന് മുമ്പേ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കൊട്ടാരക്കര നഗരസഭയിലെ പല പ്രദേശങ്ങളും ഇപ്പോൾ തന്നെ വേനലിന്റെ കാഠിന്യത്തിലാണ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും തോടുകളും വറ്റിത്തുടങ്ങി. അമ്പലപ്പുറം, കല്ലുവാതുക്കൽ, പനവിളഭാഗം, ഇ.ടി.സി, ചേരൂർ ലയിൻ, തോട്ടംമുക്ക്, ഗാന്ധിമുക്ക് തുടങ്ങിയ പ്രദേശങ്ങളെല്ലാം കടിവെള്ള ക്ഷാമത്തിലാണ്. അമ്പലപ്പുറം കല്ലുവാതുക്കൽ ഭാഗത്തെ കെ.ഐ.പി കനാലുകൾ ഉപയോഗശൂന്യമാണ്. നിരൊഴുക്ക് നിലച്ചതോടെ നാട്ടുകാർക്ക് മാലിന്യം വലിച്ചെറിയാനുള്ള ഇടമായി അത് മാറി. കനാലിനുള്ളിൽ തഴച്ചുവളരുന്ന കുറ്റിക്കാടും നാട്ടുകാർ വലിച്ചെറിയുന്ന മാലിന്യവും കാരണം കനാൽ തുന്നാൽ പോലും ഉപയോഗിക്കാൻ കഴിയാത്ത
അവസ്ഥയാണ്. കനാൽ സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതർ ചെറുവിരൽപോലും അനക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
മുമ്പ് വേനൽ അടുക്കുമ്പോൾ തന്നെ വില്ലാംകോണം കുളം വൃത്തിയാക്കുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. അതുകാരണം വേനൽ മഴ ലഭിച്ചാൽ പോലും കുളം ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ്.
ആനക്കോട്ടൂർ നെടുവത്തൂർ, പുല്ലാമല പ്രദേശങ്ങളിലും
കുടിവെള്ള ക്ഷാമം രൂക്ഷമാണ്. നെടുവത്തൂർ കുറുൻപാലൂർ, വല്ലം, ചാലൂക്കോണം, ഉഗ്രൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
പിടിമുറുക്കി
കുടിവെള്ള മാഫിയ
പഞ്ചായത്ത് കുടിവെള്ള വിതരണം അരംഭിക്കുന്നതിന് മുമ്പുതന്നെ ഇത്തവണ സ്വകാര്യ ഏജൻസികൾ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. രണ്ടായിരം ലിറ്റർ വരുന്ന ഒരു ടാങ്ക് നിറയ്ക്കാൻ 700 രൂപ കൊടുക്കണം. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഇത് നാലോ അഞ്ചോ ദിവസത്തേയ്ക്കേ തികയൂ. അതായത് ഒരുമാസം ശരാശരി 5000 രൂപ കുടിവെള്ളത്തിനായി മാറ്റിവയ്ക്കേണ്ടിവരും എന്ന് അർത്ഥം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വ വരുമാനവും നിലച്ച ഒരു കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. ഇക്കാര്യങ്ങൾ മനസിലാക്കി പഞ്ചായത്ത് അധികൃതർ എത്രയും വേഗം കുടിവെള്ള വിതരണം ആരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.