ചാത്തന്നൂർ: പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (പി.എം.ഇ.ജി.പി) വഴി വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 11 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കല്ലുവാതുക്കൽ സ്വദേശികൾക്കെതിരെയാണ് തട്ടിപ്പിനിരയായവർ ചാത്തന്നൂർ എ.സി.പിക്ക് പരാതി നല്കിയത്.

ഒന്നു മുതൽ ഒന്നര ലക്ഷം വരെയാണ് ഇവർ തട്ടി​യെടുത്തത്. പരാതിക്കാരായ പത്ത് പേരിൽ ഭൂരി​ഭാഗവും സ്ത്രീകളാണ്. ഇവർക്ക് തയ്യൽക്കടയും അനുബന്ധ സ്ഥാപനങ്ങളും തുടങ്ങാനും പുരുഷന്മാർക്ക് ഫർണിച്ചർ നിർമ്മാണ യൂണിറ്റിനും അഞ്ചു ലക്ഷം മുതൽ വായ്പ അനുവദിപ്പിക്കാമെന്ന് വാഗ്ദാനം നല്കിയായിരുന്നു.തട്ടിപ്പ്‌. അപേക്ഷ തയാറാക്കി ഖാദി ബോർഡിന്റെ ഓഫീസിലേക്ക് അയച്ചുവെന്നാണ് പരാതിക്കാരെ ധരിപ്പിച്ചിരുന്നത്. തുക കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും വായ്പ കിട്ടാതെ വന്നതോടെ പരാതിക്കാർ കൊല്ലത്തെ ഖാദി ബോർഡ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അങ്ങനെ അപേക്ഷകൾ അവിടെ കിട്ടിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. പി.എം.ഇ.ജി.പി വായ്പയ്ക്കായി ഇടനിലക്കാരെ ഏർപ്പെടുത്തിയിട്ടില്ലെന്നും അറിഞ്ഞതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.