 
 ഇഴയുന്നത് കൊല്ലം റൂറൽ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്റർ നിർമ്മാണം
കൊല്ലം: കല്ലിടീൽ ചടങ്ങ് മുഖ്യമന്ത്രി നിർവഹിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തീയതിക്കായുള്ള കാത്തിരിപ്പ് നീളവേ, കൊല്ലം റൂറൽ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം വൈകുന്നു.
കാടുമൂടിയ ഭൂമി വൃത്തിയാക്കി പില്ലറുകൾ സ്ഥാപിക്കാനുള്ള കുഴികളെടുത്തിട്ട് ഒരു മാസത്തോളമായി. മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ശിലാസ്ഥാപനം നടത്താമെന്ന തീരുമാനത്തിലാണ് നിർമ്മാണ ജോലികൾ നീണ്ടുപോകുന്നത്. കടുത്ത വേനലെത്തും മുമ്പേ ആദ്യഘട്ട നിർമ്മാണം തുടങ്ങാനായിരുന്നു കരാറുകാരുടെ തീരുമാനം. വെള്ളത്തിന്റെ ക്ഷാമം ബാധിക്കാത്തവിധം ആദ്യഘട്ടം പൂർത്തിയാക്കാമെന്ന ധാരണ തെറ്റുകയാണ്. ഇനിയുള്ള രണ്ടുമാസത്തെ കടുത്ത വേനലിൽ വെള്ളത്തിന്റെ ക്ഷാമവും തൊഴിലാളികളുടെ ബുദ്ധിമുട്ടും വലിയ പ്രതിസന്ധിയാവും.
എഴുകോൺ പൊലീസ് സ്റ്റേഷന്റെ ശിലാസ്ഥാപനത്തിനും മുഖ്യമന്ത്രിയെ കാത്തിരുന്നെങ്കിലും പിന്നീട് നിർമ്മാണം തുടങ്ങിവയ്ക്കുകയായിരുന്നു. കൊട്ടാരക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് മുമ്പ് പൊലീസ് സർക്കിൾ ഓഫീസ്, പൊലീസ് ക്വാർട്ടേഴ്സുകൾ എന്നിവ പ്രവർത്തിച്ചിരുന്ന ഭൂമിയിലാണ് ട്രെയിനിംഗ് സെന്റർ സജ്ജമാക്കുന്നത്. മൂന്ന് ഏക്കറാണ് ഇവിടെ പൊലീസിനുള്ളത്. ഇതിൽ കുറച്ചുഭാഗത്ത് പൊലീസ് ട്രെയിനിംഗ് സെന്റർ നിർമ്മിക്കാൻ അനുവദിക്കുകയായിരുന്നു. പഴയ പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങളും കാടും നീക്കം ചെയ്ത ശേഷമാണ് കെട്ടിട നിർമ്മാണത്തിന് വേണ്ടി കുഴികളെടുത്തത്.
 1.20 കോടിയുടെ പദ്ധതി
പൊലീസ് ട്രെയിനിംഗ് സെന്റർ നിർമ്മാണത്തിനായി 1.20 കോടിയാണ് അനുവദിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ ക്ളാസുകൾക്കുള്ള വിശാലമായ ഹാൾ, മുകളിൽ സ്യൂട്ട് റൂമുകൾ, ഡൈനിംഗ് ഹാൾ, ടൊയ്ലറ്റ് സംവിധാനങ്ങൾ, വിശ്രമ സ്ഥലം എന്നിവ ക്രമീകരിക്കും. ഇൻഡോർ ക്ളാസുകൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള സെന്ററാണ് ആരംഭിക്കുന്നത്.