photo

# കെട്ടിട നിർമ്മാണവും മണ്ണ് നീക്കവും പുരോഗമിക്കുന്നു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ, മിനി മെഡിക്കൽ കോളേജാക്കുന്നതിനുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദേശീയപാതയ്ക്ക് അരികിലായി ആശുപത്രിയുടെ മുൻഭാഗത്തെ ഓഫീസ് ബ്ളോക്കിനായിട്ടുള്ള നിർമ്മാണമാണ് പുരോഗമിക്കുന്നത്.

കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. മൂന്നാം നിലയുടെ കോൺക്രീറ്റ് ഉടനുണ്ടാകും. എന്നാൽ ആശുപത്രിക്ക് പിൻഭാഗത്തെ കെട്ടിട നിർമ്മാണം തുടങ്ങിയിട്ടില്ല. ഇവിടുത്തെ മണ്ണ് നീക്കം ചെയ്യൽ അവസാന ഘട്ടത്തിലാണ്.

2020 ആഗസ്റ്റ് 25ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ഒന്നരവർഷം പിന്നിടുമ്പോഴാണ് പ്രധാന കെട്ടിട നിർമ്മാണത്തിന്റെ മണ്ണ് നീക്കം തുടങ്ങാനായത്. ആശുപത്രിക്കായി വിലയ്ക്കുവാങ്ങുന്ന 50 സെന്റ് ഭൂമിയിലാണ് മണ്ണ് നിക്ഷേപിച്ചത്. അതുകൊണ്ടുതന്നെ ഈ ഭൂമിയും കെട്ടിട നിർമ്മാണത്തിനും വാഹന പാർക്കിംഗിനും അനുയോജ്യമായി മാറിയിട്ടുണ്ട്.

ഒരുങ്ങുന്നത് ഹൈടെക് കെട്ടിടങ്ങൾ

1. താലൂക്ക് ആശുപത്രിയെ മിനി മെഡിക്കൽ കോളേജാക്കും

2. അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗ്നോസ്റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്

3. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ ഒരുക്കും

4. അടുത്ത സംസ്ഥാന ബഡ്ജറ്റിൽ ആശുപത്രിക്കായി കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തുമെന്ന് സൂചന

5. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിലെ പ്രധാന ആതുരാലയം എന്ന നിലയിൽ മുന്തിയ പരിഗണന ലഭിച്ചേക്കും

കിടക്കകൾ: 233

പാർക്കിംഗ് സൗകര്യം: 200 കാറുകൾക്ക്

ലിഫ്ടുകൾ: 08

പുതിയ പ്രവേശന കവാടം

കൊല്ലം - തിരുമംഗലം ദേശീയപാതയോരത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ദേശീയപാതയിലേക്ക് തുറക്കുന്ന പ്രവേശന കവാടമാണ് ആശുപത്രിക്ക് നിലവിലുള്ളത്. പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ വശത്തുകൂടി പുതിയ പ്രവേശന കവാടവും സജ്ജമായിട്ടുണ്ട്. പുലമൺ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ആശുപത്രിയിലേക്ക് കടക്കാൻ ഇത് സഹായകരമാകും. രണ്ട് പ്രവേശന കവാടങ്ങളിൽ ഒന്ന് ആംബുലൻസുകൾക്ക് മാത്രമാക്കി മാറ്റാനും ആലോചനയുണ്ട്.

""

താലൂക്ക് ആശുപത്രി മിനിമെഡിക്കൽ കോളേജായി മാറുമ്പോൾ മലയോര മേഖലയിലുൾപ്പെടെയുള്ളവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചികിത്സ ഉറപ്പാക്കാനാവും.

ആശുപത്രി അധികൃതർ