കൊല്ലം: റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കോൺക്രീറ്റ് സ്ളാബുകൾ വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു. തേവള്ളി പാലത്തിന് ഇരുവശവും ജില്ലാ പഞ്ചായത്ത്, കോട്ടയത്ത് കടവ് എന്നിവയ്ക്ക് സമീപവുമാണ് സ്ളാബുകൾ കൂട്ടിയിട്ടിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം ഗവ. ബോയ്സ് ഹൈസ്കൂൾ മുതൽ മിൽമ ഡയറി വരെയുള്ള ഓട പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് പഴയ സ്ളാബുകൾ ഇളക്കി മാറ്റിയത്. ഒരു വർഷം പിന്നിട്ടിട്ടും റോഡരികിൽ നിന്ന് ഇവ നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഗതാഗത തിരക്കേറിയ അഞ്ചാലുംമൂട്- ഹൈസ്കൂൾ ജംഗ്ഷൻ റോഡരികിലാണ് ഇത്തരത്തിൽ സ്ളാബുകൾ ഉപേക്ഷിച്ചിരിക്കുന്നത്. ഓട നിർമ്മാണം പുരോഗമിക്കുന്നതിനാൽ കാൽനട യാത്രക്കാരിലേറെയും റോഡിലിറങ്ങിയാണ് സഞ്ചരിക്കുന്നത് എന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കോട്ടയത്ത് കടവ് പള്ളി, എൻ.സി.സി കാന്റീൻ, ജില്ലാ ഹോമിയോ ആശുപത്രി, മിൽമ ഡയറി, ഗവ. ക്വാർട്ടേഴ്സ്, സ്വകാര്യ ആശുപത്രി, ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ മൃഗാശുപത്രി, സർക്കാർ സ്കൂളുകൾ എന്നിവയെല്ലാം ഈ റോഡരികിലാണ്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്.
വീതികുറഞ്ഞ റോഡിൽ പാർക്കിംഗ്
താരതമ്യേന വീതി കുറഞ്ഞ റോഡരികിൽ പാർക്ക് ചെയ്യുന്നതും അപകട ഭീഷണിയാകുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകരും നാട്ടുകാരുമൊക്കെ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. കോൺക്രീറ്റ് സ്ലാബുകൾ ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ കാടുമൂടി ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെയും വിവിധ കോടതികളിലെ ജഡ്ജിമാരുടെയും ഔദ്യോഗിക വസതികൾ ഇതിനരികിലാണ്.