
കൊല്ലം: കൊറ്റങ്കര പഞ്ചായത്ത് കോളശ്ശേരി വാർഡിലെ വേലംകോണത്ത് 250 കുടുംബങ്ങൾ കുടിവെള്ളമില്ലാതെ വലയുന്നു. പ്രദേശത്ത് കുടിവെള്ളം എത്തിച്ചിരുന്ന കുഴൽക്കിണറിൽ ജലലഭ്യത കുറഞ്ഞതാണ് പ്രശ്നം.
300 മീറ്റർ അകലെയാണ് ഈ കുഴൽകിണർ. നേരത്തെ ആഴ്ചയിൽ രണ്ടുദിവസം ഓരോ മണിക്കൂർ വീതം ഇവിടത്തെ ടാപ്പുകളിൽ വെള്ളമെത്തിയിരുന്നു. വേനൽ കടുത്തതോടെയാണ് കുഴൽക്കിണറിലെ ജലലഭ്യത ഇടിഞ്ഞത്. ഇപ്പോഴും പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും വേലംകോണം ഉയർന്ന പ്രദേശമായതിനാൽ രണ്ടാഴ്ചയായി ഇവിടേക്ക് വെള്ളം എത്തുന്നില്ല. കിണറുകളിലും ജലനിരപ്പ് കുത്തനെ താഴ്ന്നു. ദിവസവും സ്വകാര്യ ഏജൻസികൾ ലോറികളിലെത്തിക്കുന്ന കുടിവെള്ളം 500 രൂപവരെ ചെലവിട്ട് വാങ്ങേണ്ട അവസ്ഥയാണ്. സ്ഥിതി രൂക്ഷമായിട്ടും സൗജന്യമായി കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ല.
 സ്ഥലമുണ്ടെങ്കിൽ കിണർ
ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലം ലഭ്യമാക്കിയാൽ വേലംകോണത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ പുതിയ കുഴൽ കിണർ നിർമ്മിക്കാമെന്നാണ് ജല അതോറിട്ടി അധികൃതർ പറയുന്നത്. ധനകാര്യ കമ്മിഷൻ ഗ്രാന്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാം. എന്നാൽ സ്ഥലം ലഭ്യമാകാത്താണ് പ്രശ്നം.
മൊത്തത്തിൽ ക്ഷാമം
കൊറ്റങ്കര പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. സ്രോസുകൾ കുറവായതിനാൽ ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയും വളരെ പരിമിതമായ ടാപ്പ് കണക്ഷനുകളാണ് പഞ്ചായത്ത് പ്രദേശത്ത് നൽകിയിട്ടുള്ളത്. ഞാങ്കടവ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
....................................
കുഴൽക്കിണറിലെ ജലലഭ്യത കുറഞ്ഞതാണ് വേലംകോണത്ത് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. പുതിയ കുഴൽ കിണർ നിർമ്മിക്കാൻ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്
സന്തോഷ്, ജല അതോറിട്ടി അസി. എക്സിക്യുട്ടീവ് എൻജിനീയർ