
കൊല്ലം: സുപ്രധാന രേഖകളും ഫയലുകളും തീപിടിച്ച് നശിക്കുന്നത് ഒഴിവാക്കാൻ സർക്കാർ ഓഫീസുകളിൽ അഗ്നിരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അഭ്യന്തരവകുപ്പ് പുറപ്പെടുവിച്ചു. നേരത്തെ സെക്രട്ടേറിയറ്റിൽ സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന സെക്ഷനിൽ തീപിടിത്തമുണ്ടായിരുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലും സമീപകാലത്ത് തീപിടിത്തമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ ശുപാർശകൾ സർക്കാർ മാർഗ്ഗനിർദ്ദേശമായി പുറപ്പെടുവിച്ചത്.
കാലപ്പഴക്കമുള്ള വൈദ്യുതീകരണ സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഒരു പ്ലഗ് പോയിന്റിൽ നിന്നു ഒന്നിലധികം കണക്ഷൻ എടുക്കാൻ പാടില്ല. ഓപ്പൺ വയറിംഗ് ഒഴിവാക്കണം, സ്വിച്ച് ബോർഡ്, മെയിൻ സ്വിച്ച്, യു.പി.എസ് എന്നിവയ്ക്ക് സമീപത്ത് രേഖകൾ സൂക്ഷിക്കരുത്. റെക്കോർഡ് റൂമിലേക്കുള്ള വൈദ്യുതി ബന്ധം പുറത്ത് നിന്നു വിച്ഛേദിക്കാനുള്ള ക്രമീകരണം വേണം. ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫീസ് സമയം കഴിയുമ്പോൾ അണയ്ക്കണം തുടങ്ങിയവയാണ് വൈദ്യുതീകരണവുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ.
 പഴയ കെട്ടിടങ്ങൾ
വൈദ്യുതലൈനുകളിലും ഉപകരണങ്ങളിലും ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ടാണ് പലപ്പോഴും സർക്കാർ ഓഫീസുകളിലെ തീപിടിത്തത്തിന്റെ പ്രധാന കാരണം. പല ഓഫീസുകളും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഏറെ കാലപ്പഴക്കം ഉള്ളവയാണ്. ഇവിടത്തെ വയറിംഗ് അടക്കമുള്ള സംവിധാനങ്ങൾക്കും സമാനമായ പഴക്കമുണ്ടാകും.
# തീപിടിക്കാത്ത അലമാരകൾ വേണം
 സുപധാന ഫയലുകൾ സൂക്ഷിക്കുന്നിടത്ത് ഓട്ടോമാറ്റിക് ഡിറ്റക്ഷൻ സംവിധാനം
 ഇത് തൊട്ടടുത്ത ഫയർ സ്റ്റേഷനുമായി ബന്ധിപ്പിക്കണം
 മതിയായ വെന്റിലേറ്ററുകൾ ഉണ്ടാകണം, അടച്ചിടരുത്
 പാഴ്വസ്തുക്കളും പാഴ്ക്കടലാസുകളും യഥാസമയം നീക്കണം
 പുറത്ത് കേൾക്കുന്ന സ്മോക്ക് ഡിറ്റക്ഷൻ അലാറം സ്ഥാപിക്കണം
 പ്രധാന ഫയലുകൾ തീപിടിക്കാത്ത അലമാരകളിൽ സൂക്ഷിക്കണം
 പ്രധാന ഫയലുകളുടെ പകർപ്പ് മറ്റ് ഓഫീസുകളിലും സൂക്ഷിക്കണം
 യഥാസമയം ഫയർ ഓഡിറ്റ് നടത്തണം
 രാത്രികാലങ്ങളിൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം