 
കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ പന്നിത്തോട് കൈയേറ്റത്തെ തുടർന്ന് മെലിയുന്നു. വർഷങ്ങളായുള്ള കൈയേറ്റമാണ് തോട് മെലിഞ്ഞൊഴുകാൻ ഇടയാക്കിയത്.
കാർഷിക ആവശ്യങ്ങൾക്ക് രാജഭരണ കാലത്ത് നിർമ്മിച്ചതാണ് തോട്. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ തഴവയൽ, കളരിവാതുക്കൽ വയൽ, പുന്നയ്ക്കൽ വയൽ, മുണ്ടകപ്പാടം എന്നീ പാടശേഖരങ്ങളിൽ കൃഷി നടത്തിയിരുന്നത് പന്നിത്തോട്ടിലെ വെള്ളത്തെ ആശ്രയിച്ചായിരുന്നു.
അന്ന് മുണ്ടകപ്പാടം ഒഴികെ മറ്റെല്ലാം വയലുകളിലും വർഷത്തിൽ രണ്ട് നെൽ കൃഷിയും ഒരു എള്ള് കൃഷിയുമാണ് നടത്തിയിരുന്നത്. കൃഷിക്ക് ആവശ്യമായ വളങ്ങളും എത്തിച്ചിരുന്നത് ഈ തോട്ടിലൂടെയായിരുന്നെന്ന് പഴമക്കാർ പറയുന്നു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 6-ം വാർഡിലൂടെ കടന്നുപോകുന്ന തഴത്തോട്ടിൽ നിന്നാണ് പന്നിത്തോട് ആരംഭിക്കുന്നത്. 1, 2, 3, 4, 5, 18, 23 വാർഡുകളിലൂടെ ഒഴുകി പശ്ചിമതീര ദേശീയ കനാലിലാണ് തോട് പതിക്കുന്നത്.
കൈയേറ്റം തോട് ഇല്ലാതാക്കി
1. ഏക്കർ കണക്കിന് ഭൂമിയാണ് തോടിന്റെ ഇരുവശങ്ങളിൽ നിന്നും കൈയേറിയിട്ടുള്ളത്
2. തോടിന്റെ വീതി കുറഞ്ഞതോടെ നീരൊഴുക്ക് ഇല്ലാതായി
3. മഴ സീസണിൽ തോടിന്റെ വശങ്ങൾ വെള്ളക്കെട്ടാകും
4. ചില ഭാഗങ്ങളിൽ മാത്രമാണ് സംരക്ഷണ ഭിത്തിയുള്ളത്
5. ഇതും തകർന്ന നിലയിലാണ്
6. 500 ഓളം കുടുംബങ്ങൾ തോടിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നു
തോടിന്റെ നീളം: 3.5 കിലോ മീറ്റർ
നേരത്തെ വീതി: 06 മീറ്റർ
ഇപ്പോൾ: 2 മീറ്ററിൽ താഴെ
മാലിന്യ നിക്ഷേപ കേന്ദ്രം
വീടുകളിൽ നിന്നുള്ള മാലിന്യം തോട്ടിലേക്കാണ് വലിച്ചെറിയുന്നത്. പല വീടുകളിലെയും കക്കൂസിൽ നിന്നുള്ള പൈപ്പ് തോട്ടിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളത്തിലേക്ക് കാലെടുത്തുവെച്ചാൽ ശരീരം ചൊറിഞ്ഞ് തടിക്കുന്ന അവസ്ഥയിലാണ്.
""
കൈയേറിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി പിടിച്ചെടുക്കണം. തോടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കണം. ഇതിന് മുഖ്യമന്ത്രിയുടെ സാന്ത്വനം പദ്ധയിൽ അപേക്ഷ നൽകി. മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയ്യാറാക്കി.
കെ. മുരളീധരൻ,
ഗ്രാമപഞ്ചായത്തംഗം