 
കൊല്ലം: ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വി.കെ. ഗോകുലും തിരുവനന്തപുരത്ത് രോഗികളെ നോക്കുന്നതിനിടയിൽ കിട്ടിയ ഇടവേള സമയം പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. ഷാജി പ്രഭാകരനും സ്വന്തം നാടായ മയ്യനാട് പഞ്ചായത്തിലെ ഗ്രാമസഭയിൽ പങ്കെടുത്തു! കൊവിഡ് വ്യാപനം കാരണം ഗ്രാമസഭ ഓൺലൈനായി ചേർന്നതാണ് മയ്യനാട് വെസ്റ്റ് പതിനാറാം വാർഡിന്റെ വികസന ചർച്ചകളിൽ പങ്കെടുക്കാൻ ഇരുവർക്കും അവസരമൊരുക്കിയത്.
ലണ്ടൻ, ഖത്തർ, സൗദി, ദുബായ്, മസ്കറ്റ്, ഇറ്രലി എന്നീ രാജ്യങ്ങളിലും സംസ്ഥാനത്തെ അഞ്ചോളം സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന മയ്യനാട്ടുകാർ ശനിയാഴ്ച രാത്രി എട്ടിന് ഗൂഗിൾ മീറ്റ് വഴി ചേർന്ന വെസ്റ്റ് വാർഡ് ഗ്രാമസഭയിൽ പങ്കെടുത്തു. പഞ്ചായത്തിലെ ഒട്ടുമിക്ക ഗ്രാമസഭകളും നേരിട്ട് ചേരുന്നതിന്റെ നോട്ടീസ് അടക്കം നേരത്തെ വിതരണം ചെയ്തിരുന്നു. ഇതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായി അൾക്കൂട്ടം പാടില്ലെന്ന കളക്ടറുടെ ഉത്തരവ് വന്നതോടെയാണ് ഓൺലൈനായി ചേരാൻ തീരുമാനിച്ചത്.
ഡോ. ഷാജി പ്രഭാകരൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആർ.എസ്. അബിൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഗോകുൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ 2022- 23 വർഷത്തെ പദ്ധതികൾ വിശദീകരിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ, വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞവർഷം സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ ചേർന്നത് മയ്യനാട് പഞ്ചായത്തിലാണ്. അന്ന് നാലാം വാർഡിലെ ഗ്രാമസഭയാണ് ചേർന്നത്.
 പങ്കെടുത്തത് 200 ഓളം പേർ
ഒരു വാർഡിലെ ആകെ വോട്ടർമാരുടെ പത്ത് ശതമാനം പങ്കെടുത്താലേ ഗ്രാമസഭ ചേരാനുള്ള ക്വാറം തികയൂ. ഇത്രയും പേരെ പങ്കെടുപ്പിക്കാൻ പഞ്ചായത്ത് മെമ്പർമാർ പെടാപ്പാട് പെടുകയാണ്. പങ്കെടുത്താവരുടെ പേരും എഴുതിച്ചേർത്താണ് ക്വാറം തികഞ്ഞതായി കാണിക്കുന്നത്. എന്നാൽ മയ്യനാട് പതിനാറാം വാർഡിലെ ഓൺലൈൻ ഗ്രാമസഭയിൽ പലപ്പോഴായി 200 ഓളം പേർ പങ്കെടുത്തു. സാധാരണ ഗ്രാമസഭായോഗങ്ങൾ ഒരു മണിക്കൂറിനുള്ളിൽ അവസാനിക്കും. എന്നാൽ പങ്കെടുത്തവരെല്ലാം വികസനാവശ്യങ്ങൾ ചർച്ച ചെയ്തതോടെ യോഗം രണ്ട് മണിക്കൂർ നീണ്ടു.