ഓച്ചിറ: കരുനാഗപ്പള്ളി മണ്ഡലത്തിലെ ടി.എസ് കനാലിലെ ഇരു കരകളിലെയും വേലിയേറ്റം തടയുന്നതിന് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ പദ്ധതിയായി. ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, കരുനാഗപ്പള്ളി നഗരസഭാ പരിധികളിൽപ്പെട്ട കായൽ തീരത്താണ് പദ്ധതി നടപ്പാക്കുക.
കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് പദ്ധതി നടത്തിപ്പ് ചുമതല.
സി.ആർ. മഹേഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ആറുമാസം മുമ്പ് കേന്ദ്ര ഉൾനാടൻ ജല ഗതാഗത വകുപ്പ് ഡയറക്ടർ മാത്യു ജോർജും ഉദ്യോഗസ്ഥരും ടി.എസ് കനാലിന്റെ ഇരുവശവും സന്ദർശിക്കുകയും അടിയന്തരമായി നിർമ്മാണം നടത്തേണ്ടവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ കായലിന് വീതി കുറവുള്ള സ്ഥലങ്ങളാണ് നിർമ്മാണത്തിന് തിരഞ്ഞെടുത്തത്. ചെറിയഴീക്കൽ പതിനൊന്നാം വാർഡ് കല്ലുമൂട്ടിൽകടവ് പാലത്തിന് തെക്കുവശം, കരുനാഗപ്പള്ളി നഗരസഭാ മുപ്പത്തിന്നാലാം ഡിവിഷൻ കല്ലുമൂട്ടിൽ കടവ് പാലത്തിന് കിഴക്കുഭാഗം, തെക്കുവശം എന്നിവിടങ്ങളിൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനാണ് തീരുമാനമായത്.
ചെറിയഴീക്കൽ പതിനൊന്നാം വാർഡിലെ നിർമ്മാണം ആരംഭിച്ചു.
നിർമ്മാണ പുരോഗതി വിലയിരുത്തി
കഴിഞ്ഞ ദിവസം കേന്ദ്ര ഉൾനാടൻ ജല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്ന സി.ആർ. മഹേഷ് എം.എൽ.എയെ ടെലിഫോണിൽ ബന്ധപ്പെട്ട് പദ്ധതി പുരോഗതി വിശദീകരിച്ചു.
""
അഴീക്കൽ മുതൽ വെള്ളനാതുരുത്ത് വരെയുള്ള ടി.എസ് കനാലിന്റെ ഇരു കരകളിലും സംരക്ഷണ ഭിത്തി നിർമ്മിക്കും. 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കുക.
മാത്യു ജോർജ്, ഡയറക്ടർ,
കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പ്