
ഓച്ചിറ: വാഹന പരിശോധനയ്ക്കിടയിൽ അമ്മയും മകനും അടങ്ങിയ കുടുംബത്തെ തടഞ്ഞുവച്ചെന്ന് ആരോപിച്ച് ഓച്ചിറ എസ്.എച്ച്.ഒ പി. വിനോദിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. എസ്.എച്ച്.ഒ സംഘിയാണെന്ന സോഷ്യൽ മീഡിയ പരാമർശം സേനയിലും അമർഷത്തിന് ഇടയാക്കി.
പൊലീസ് പറയുന്നത്: ദേശീയപാതയിൽ ഓച്ചിറയിൽ ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് അമ്മയും മകനും ചെറിയകുട്ടിയും അടങ്ങുന്ന കുടുംബം കാറിലെത്തിയത്. ഇവർ ചടയമംഗലത്ത് നിന്ന് വരികയായിരുന്നു. കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന മകളെ വീട്ടിലേക്ക് വിളിക്കാൻ പോവുകയാണെന്ന് അറിയിച്ചു. എന്നാൽ ഇന്ന് ലോക്ക് ഡൗണായതിനാൽ തിരികെ പോകണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ഇതിനിടെ ഞാനിട്ടിരിക്കുന്ന വേഷമാണോ നിങ്ങളുടെ പ്രശ്നമെന്ന് അമ്മ ചോദിച്ചതോടെ മകൻ രോഷത്തോടെ പൊലീസിന് നേരെ തട്ടിക്കയറുകയും ചെയ്തു.
ഇത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്മമാണെന്ന് മറുപടി നൽകിയ ഉദ്യോഗസ്ഥനെതിരെ യുവാവ് കൊല്ലം റൂറൽ എസ്.പി, എം.കെ. പ്രേമചന്ദ്രൻ എം.പി, കെ. സുധാകരൻ എം.പി എന്നിവരെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു.
കെ. സുധാകരന്റെ നിർദേശാനുസരണം മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പൊലീസിനെ ബന്ധപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ പോകാൻ അനുവദിച്ചു. ഇതിനെതിരെയാണ് വേഷം നോക്കി പൊലീസ് തടഞ്ഞുവച്ചെന്നും എസ്.എച്ച്.ഒ സംഘിയാണെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നത്.
ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് കുടുംബത്തിനെതിരെ കേസെടുത്തു. ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
പൊലീസ് അധികൃതർ