
പുനലൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം പുനലൂരിൽ ബന്തിന് സമാനമായി. മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ചുരുക്കം ചില അവശ്യസ്ഥാപനങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.
രാവിലെ മുതൽ പട്ടണം നിശ്ചലമായിരുന്നു. വിവാഹം, മരണാനന്തര ചടങ്ങളുകളിൽ പങ്കെടുക്കാനെത്തിയ ചില സ്വകാര്യ വാഹനങ്ങൾ, ആംബുലൻസ്, ദീർഘദൂര - ഓർഡനറി കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.
യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സിയും സർവീസ് വെട്ടിക്കുറച്ചു. ഇരുചക്ര വാഹനങ്ങളിലെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തിവിട്ടത്. നിയന്ത്രണങ്ങളെ തുടർന്ന് ടൗണിന്റെ വിവിധ മേഖലകളിൽ പൊലീസ് പരിശോധന കർശനമായിരുന്നു.
കെട്ടഴിഞ്ഞ് കൊവിഡ് വ്യാപനം
തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകൾക്ക് പുറമെ പുനലൂർ നഗരസഭാ പ്രദേശങ്ങളിലും കൊവിഡ് വ്യാപകമാവുകയാണ്. ശനിയാഴ്ച പുനലൂർ നഗരസഭാ പ്രദേങ്ങളിൽ മാത്രം 187 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതലും സമ്പർക്ക വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പുനലൂർ നഗരസഭയിലെ 20 ജീവനക്കാർക്ക് കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു.