phot
കാട്ടാനയുടെ ചവുട്ടേറ്റ താൽക്കാലിക വാച്ചർ ബിജുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

പുനലൂർ: വനം വകുപ്പിലെ താത്കാലിക വാച്ചറെ കാട്ടനക്കൂട്ടം പട്ടാപ്പകൽ ചവിട്ടി പരിക്കേൽപ്പിച്ചു. കട്ടിളപ്പാറ തെക്കേതുണ്ടിൽ വീട്ടിൽ ബിജുവിനാണ് (39) പരിക്കറ്റത്. ഇന്നലെ രാവിലെ 8.30 ഓടെ ശെന്തുരുണി വന്യജീവി കേന്ദ്രത്തോട് ചേർന്ന കട്ടിളപ്പാറ വനമേഖലയിൽ ജോലിക്കെത്തിയപ്പോഴായിരുന്നു സംഭവം.

മൂന്ന് കാട്ടാനകളെ കണ്ട ബിജു തിരിഞ്ഞോടുന്നതിനിടെ നിലത്ത് വീണപ്പോഴാണ് മുഖത്തും കാലിനും ചവിട്ടേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയവർ കാട്ടനകളെ വിരട്ടിയോടിച്ച ശേഷം ബിജുവിനെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബിജുവിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് തെന്മല ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ സജീവ് കുമാർ അറിയിച്ചു. സംഭവം അറിഞ്ഞ് വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.